Top

കളിപ്പാട്ടം പോലെ എളുപ്പം, എല്‍ഇഡി ബള്‍ബുണ്ടാക്കാന്‍ പഠിപ്പിച്ച് എന്‍എസ്എസ്; തൃപ്പൂണിത്തുറയെ സമ്പൂര്‍ണ എല്‍ഇഡി മുനിസിപ്പിലാറ്റിയാക്കാന്‍ 'ക്ലിനിക്'

തുരുത്തിക്കരയിലുള്ള കേരള ശാസ്ത്ര പരിഷത്തിന്റെ സയന്‍സ് സെന്റര്‍ ആണ് പ്രവർത്തകർക്കുള്ള സാങ്കേതിക സഹായം നല്‍കുന്നത്. 'എല്‍ഇഡി ക്ലിനിക്' ഏപ്രില്‍ മാസം മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

23 March 2022 3:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കളിപ്പാട്ടം പോലെ എളുപ്പം, എല്‍ഇഡി ബള്‍ബുണ്ടാക്കാന്‍ പഠിപ്പിച്ച് എന്‍എസ്എസ്; തൃപ്പൂണിത്തുറയെ സമ്പൂര്‍ണ എല്‍ഇഡി മുനിസിപ്പിലാറ്റിയാക്കാന്‍ ക്ലിനിക്
X

തൃപ്പൂണിത്തുറ: നാടിനെ സമ്പൂര്‍ണ്ണ എല്‍ഇഡി വിളക്ക് മുനിസിപ്പാലിറ്റിയാക്കാനൊരുങ്ങി തൃപ്പൂണിത്തുറയിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളന്റീയേഴ്‌സ്. മുനിസിപ്പാലിറ്റിയിലെ എല്ലാ വീടുകളും ഫിലമെന്റ്, സിഎഫ്എല്‍ മുക്തമാക്കുക എന്ന ലക്ഷവുമായാണ് എന്‍എസ്എസ് യൂണിറ്റ് രംഗത്തെത്തിയിരിക്കുന്നത്. പദ്ധതിക്കായി ഒരു 'എല്‍ഇഡി ക്ലിനിക്' സ്ഥാപിക്കുകയാണ് എന്‍എസ്എസ്. ഇതിനായി ബള്‍ബ് നിര്‍മ്മാണത്തിലും അവ പ്രവര്‍ത്തിപ്പിക്കുന്നതിനും പ്രവർത്തകർ പരിശീലനം നേടിക്കഴിഞ്ഞു.

മുനിസിപ്പാലിറ്റി നിവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ എല്‍ഇഡി ബള്‍ബുകള്‍, ട്യൂബുകള്‍ എന്നിവ നിര്‍മ്മിച്ചു നല്‍കുക. പ്രവര്‍ത്തിക്കാത്തവ നന്നാക്കി നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പ്രാരംഭ ഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നത്. ഇതാണ് എല്‍ഇഡി ക്ലിനിക്കിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. എല്‍ഇഡി ക്ലിനിക്കിനായി തൃപ്പൂണിത്തുറ എന്‍എസ്എസ് യൂണിറ്റിലെ 50 പ്രവർത്തകരാണ് ഇതിനോടകം പരിശീലനം നേടിയത്.

തുരുത്തിക്കരയിലുള്ള കേരള ശാസ്ത്ര പരിഷത്തിന്റെ സയന്‍സ് സെന്റര്‍ ആണ് പ്രവർത്തകർക്കുള്ള സാങ്കേതിക സഹായം നല്‍കുന്നത്. 'എല്‍ഇഡി ക്ലിനിക്' ഏപ്രില്‍ മാസം മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കോളേജ് പ്രിന്‍സിപ്പാള്‍ രേഖ എം, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ബിജു ഗോപാല്‍, അനിത എസ്, വിദ്യാര്‍ഥികളായ ഫിദ കെ എസ്, ആര്യ, വിഷ്ണു മനോഹരന്‍, കൃപ, മിഥുന്‍ മുരളി എന്നിവരുടെ നേതൃത്വത്തിലാണ് ആണ് ക്ലിനിക് പ്രവര്‍ത്തന സജ്ജമാകുന്നത്.

STORY HIGHLIGHTS: NSS Volunteers to make Tripunithura a complete LED Municipality

Next Story