നവജാത ശിശുവിനെ ബക്കറ്റില്‍ മുക്കികൊന്ന കേസ്; പ്രതികളുമായി തെളിവെടുപ്പ്; കുറ്റം സമ്മതിച്ച് മേഘ
പ്രസവിച്ച് കുഞ്ഞിനെ മുക്കിക്കൊന്ന കുളിമുറി പരിശോധിച്ചു
23 Dec 2021 8:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നവജാത ശിശുവിനെ ബക്കറ്റില്‍ മുക്കികൊന്ന് കനാലില്‍ ഉപേക്ഷിച്ച കേസില്‍ തെളിവെടുപ്പു നടത്തി. പ്രതികളായ കുട്ടിയുടെ അമ്മ മേഘ, കാമുകന്‍ ഇമ്മാനുവേല്‍ എന്നിവരുടെ വീടുകളിലും മൃതദേഹം ഉപേക്ഷിച്ച തോടിന്റെ പരിസരത്തുമായിരുന്നു തെളിവെടുപ്പ്
തൃശ്ശൂര്‍ വരടിയത്തെ മേഘയുടെ വീട്ടിലാണ് ആദ്യം തെളിവെടുപ്പു നടന്നത്. പ്രസവിച്ച് കുഞ്ഞിനെ മുക്കിക്കൊന്ന കുളിമുറി പരിശോധിച്ചു. കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത് മേഘ അന്വേഷണ സംഘത്തോടു വിശദീകരിച്ചു. തുടര്‍ന്ന് ഇമ്മാനുവേല്‍, ഇയാളുടെ സുഹൃത്ത് അമല്‍ എന്നിവരെയും കൂട്ടി കുഞ്ഞിനെ ഉപേക്ഷിച്ച പൂങ്കുന്നം എം.എല്‍.എ റോഡിന് സമീപത്തെ തോടിന്റെ പരിസരത്തെത്തി തെളിവെടുപ്പു നടത്തി.
തോട്ടില്‍ ഉപേക്ഷിക്കുന്നതിനു മുമ്പ് കുഞ്ഞിന്റെ മൃതദേഹം കത്തിച്ചുകളയാനും ശ്രമമുണ്ടായി.ഇതിനായി പ്രതികള്‍ കുപ്പിയില്‍ ഡീസലും വാങ്ങിയിരുന്നു. അതു പരാജയപ്പെട്ടപ്പോള്‍ കുഴിച്ചിടാനും ശ്രമിച്ചു. ഒന്നും നടക്കാതെ വന്നപ്പോണ് മൃതദേഹം കാരിബാഗില്‍ തോട്ടില്‍ കൊണ്ടിട്ടതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. മൃതദേഹം കത്തിക്കാനായി ഡീസല്‍ വാങ്ങിയ കുപ്പിയും, മൃതദേഹം ഉപേക്ഷിക്കാനായി ഇവര്‍ ഉപയോഗിച്ച സ്‌കൂട്ടറും പോലീസ് കണ്ടെടുത്തിട്ടുണ്ട്.