Top

വിഴിഞ്ഞത്ത് സംഘര്‍ഷമല്ല ആക്രമണമാണെന്ന് എംവി ഗോവിന്ദന്‍; 'കേരളം ഇങ്ങനെ നിലനില്‍ക്കുന്നത് പൊലീസിന്റെ സംയമനം കൊണ്ട്'

''പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുക, വളയുക, പൊലീസുകാരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുക, വാഹനങ്ങള്‍ തകര്‍ക്കുക തുടങ്ങി കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കടന്നാക്രമണങ്ങളാണ് അവിടെ നടത്തിയത്.''

29 Nov 2022 9:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഴിഞ്ഞത്ത് സംഘര്‍ഷമല്ല ആക്രമണമാണെന്ന് എംവി ഗോവിന്ദന്‍; കേരളം ഇങ്ങനെ നിലനില്‍ക്കുന്നത് പൊലീസിന്റെ സംയമനം കൊണ്ട്
X

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന്റെ പേരില്‍ നടക്കുന്നത് സംഘര്‍ഷം അല്ല, ആക്രമണങ്ങളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പൊലീസ് സ്വീകരിക്കുന്ന സംയമനം കൊണ്ടാണ് കേരളം ഇങ്ങനെ നിലനില്‍ക്കുന്നതെന്നും സമരസമിതി മന്ത്രിയെ തീവ്രവാദി എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കില്‍ അതിന്റെ പിന്നിലെ തീവ്രവാദം എന്തെന്ന് കാണണമെന്നും ഗോവിന്ദന്‍ പറഞ്ഞു.

''സമരത്തിന്റെ പേരില്‍ നടക്കുന്നത് വലിയ ആക്രമണങ്ങളാണ്. പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുക, വളയുക, പൊലീസുകാരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുക, വാഹനങ്ങള്‍ തകര്‍ക്കുക തുടങ്ങി കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കടന്നാക്രമണങ്ങളാണ് അവിടെ നടത്തിയത്. അവര്‍ പ്രസംഗിച്ചത് പൊലീസ് സ്റ്റേഷന്‍ കത്തിക്കുമെന്നാണ്. അതിന്റെ ചരിത്രമുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്ത് ആക്രമണം നടത്താന്‍ തയ്യാറായിരിക്കുകയാണ് അവരിലെ ഒരു വിഭാഗം. അവരാണ് ആളുകള്‍ ഇളക്കിവിട്ട് കുഴപ്പങ്ങളുണ്ടാക്കുന്നത്. വിഷയത്തില്‍ ആരുമായിട്ടും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ എപ്പോഴും തയ്യാറാണ്.''

''സമരസമിതി മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ പദ്ധതി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കില്ല. പൊലീസ് സ്വീകരിക്കുന്ന സംയമനം കൊണ്ടാണ് കേരളം ഇങ്ങനെ നില്‍ക്കുന്നത്. ലോകത്ത് ഇങ്ങനെ സംയമനം പാലിക്കുന്ന പൊലീസുണ്ടോയെന്ന് പറയാന്‍ പറ്റില്ല. അത്രയും വലിയ കടന്നാക്രമണമുണ്ടായിട്ടും അവരെന്നും ചെയ്തിട്ടില്ലല്ലോ. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമുള്ള പദ്ധതിയാണിത്. നിര്‍ത്തി വയ്ക്കണമെന്ന അഭിപ്രായത്തോട് ആര്‍ക്കും യോജിപ്പില്ല.''-ഗോവിന്ദന്‍ പറഞ്ഞു.

വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ തിയോഡോഷ്യസ് ഡിക്രൂസാണ് മന്ത്രി വി അബ്ദുറഹ്മാനെതിരെ വര്‍ഗീയ പരാമര്‍ശവുമായി രംഗത്തെത്തിയത്. അബ്ദുറഹ്മാന്റെ പേരില്‍ തന്നെയൊരു തീവ്രവാദിയുണ്ടെന്നാണ് ഡിക്രൂസ് മാധ്യമങ്ങളോട് പറഞ്ഞത്.

''അബ്ദുറഹ്മാന്റെ പേരില്‍ തന്നെയൊരു തീവ്രവാദിയുണ്ട്. അബ്ദുറഹ്മാന്‍ യഥാര്‍ത്ഥത്തില്‍ മത്സ്യത്തൊഴിലാളുകളുടെ കാര്യം നോക്കേണ്ട മന്ത്രിയാണ്. പക്ഷെ വിടുവായനായ അബ്ദുറഹ്മാന്‍ അഹമ്മദ് ദേവര്‍കോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്. രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് വിഴിഞ്ഞത്ത് നടന്ന സമരത്തില്‍ നിന്ന് മനസിലാകും. അബ്ദുറഹ്മാന്റെ ഗുണ്ടകളെ അഴിഞ്ഞാടാന്‍ വിട്ടതുകൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ നിഷ്‌കരുണം അടികൊള്ളേണ്ടി വന്നത്. ഞങ്ങള്‍ രാജ്യദ്രോഹികളായിരുന്നെങ്കില്‍ അബ്ദുറഹ്മാനെ പോലുള്ള ഏഴാം കൂലികള്‍ ഇവിടെ ഭരണം നടത്തില്ലായിരുന്നു.''-തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു.

Next Story