Top

'അശ്ലീല ആംഗ്യങ്ങൾ കാണിച്ചു, ഞാൻ പ്രതികരിച്ചതാണ് അവരെ പ്രകോപിപ്പിച്ചത്': കോട്ടയത്ത് ആക്രമണത്തിന് ഇരയായ പെൺകുട്ടി

29 Nov 2022 8:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അശ്ലീല ആംഗ്യങ്ങൾ കാണിച്ചു, ഞാൻ പ്രതികരിച്ചതാണ് അവരെ പ്രകോപിപ്പിച്ചത്: കോട്ടയത്ത് ആക്രമണത്തിന് ഇരയായ പെൺകുട്ടി
X

കോട്ടയം: താനും സുഹൃത്തും നേരിട്ടത് ക്രൂര മർദ്ദനമെന്ന് കോട്ടയത്ത് ആക്രമണത്തിന് ഇരയായ പെൺകുട്ടി. പ്രകോപനമില്ലാതെ സംഘം ആക്രമിക്കുകയായിരുന്നു. ശാരീരികമായും മാനസികമായും നേരിട്ട ആഘാതം ഇതുവരെയും വിട്ടുമാറിയിട്ടില്ല. തട്ടുകടയിൽ വെച്ച് അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും വളരെ മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്തു. ആക്രമണത്തിൽ സുഹൃത്തിനാണ് കൂടുതൽ പരുക്കേറ്റത്. പത്തു മിനിട്ടോളം സംഘർഷാവസ്ഥ നിലനിന്നുവെന്നും പെൺകുട്ടി പ്രതികരിച്ചു.

'കൂടുതലും എന്നെ ഫോക്കസ് ചെയ്തായിരുന്നു അവരുടെ കമന്റടി. ആ സമയത്ത് ഞാൻ അവിടെ ഇരുന്നതെല്ലാമാണ് അവരെ പ്രകോപിപ്പിച്ചത്. എന്നെയാണ് അവർ കളിയാക്കിയത്. മോശമായി പെരുമാറുകയും തെറിവിളിക്കുകയും ചെയ്തു. ഞാൻ പോടാ എന്ന് വിളിച്ച് പ്രതികരിച്ചതോടെ അവർ തല്ലാൻ തുടങ്ങി. എന്നെ തല്ലാൻ പറ്റാത്തതിന് അവനെയാണ് തല്ലിത്തുടങ്ങിയത്. ഞങ്ങൾ ആരാണെന്നാ വിചാരം എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തി. പത്തുമിനിറ്റോളം ഇത് നീണ്ടുനിന്നു. അവസാനമാണ് പൊലീസ് വന്നത്. കാറിൽ പിന്തുടർന്ന് എത്തി ബൈക്ക് തടഞ്ഞു നിർത്തി. എന്റെ തലയ്ക്കും വയറിനും നല്ല വേദനയുണ്ട്. മനസ്സും ശരീരവും ഇതുവരെ ഓക്കെ അല്ല. സുഹൃത്തിനാണ് കൂടുതൽ പരുക്കേറ്റിട്ടുള്ളത്', പെൺകുട്ടി പറഞ്ഞു.

ഇന്നലെ രാത്രി 10.30 ഓടെയാണ് നഗരമധ്യത്തിൽ കോളേജ് വിദ്യാർത്ഥിനിക്കും സുഹൃത്തിനും നേരെ ആക്രമണം ഉണ്ടായത്. കോളേജ് യൂണിയൻ ഇലക്ഷന് കൊടി തോരണങ്ങൾ കെട്ടുന്നതിനിടെ വാഹനം ഇടിച്ച സുഹൃത്തിനെ ആശുപത്രിയിലാക്കി മടങ്ങിയ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സെൻട്രൽ ജംഗ്ഷന് സമീപമായിരുന്നു സദാചാര ഗുണ്ടാ സംഘം അക്രമം നടത്തിയത്. സംഭവത്തിൽ താഴത്തങ്ങാടി സ്വദേശികളായ മുഹമ്മദ് അസ്ലം, അഷ്കർ, ഷെബീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കമന്റ് അടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും സംഘം ആക്രമിച്ചത്.

സെൻട്രൽ ജംഗ്ഷനിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടിയോട് യുവാക്കൾ അശ്ലീല ചുവയോടെ സംസാരിച്ചതാണ് സംഭവത്തിന്റെ തുടക്കമെന്ന് പൊലീസ് പറഞ്ഞു. കമന്റടി അതിരു വിട്ടതോടെ വിദ്യാർത്ഥിനി സുഹൃത്തിനെയും കൂട്ടി തിരികെ മടങ്ങി. ഇതോടെ യുവാക്കൾ ഇവരുടെ സ്‌കൂട്ടർ പിന്തുടർന്ന് തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് എത്തിയാണ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയെയും സുഹൃത്തിനെയും ആശുപത്രിയിൽ എത്തിച്ചത്. അക്രമത്തിൽ നിലത്തു വീണ പെൺകുട്ടിയെ യുവാക്കൾ വീണ്ടും മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പ്രതികളെ കോടതിയിൽ ഹാജരാക്കും.

STORY HIGHLIGHTS: Moral policing against students at Kottayam

Next Story