'മോഫിയ ഭര്‍ത്താവിനെ അടിച്ചതിന് സി ഐ സുധീർ ശാസിച്ചു', പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
മോഫിയ സി.ഐയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ അടിച്ചതിന് ശാസിക്കുക മാത്രമാണുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
25 Nov 2021 5:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മോഫിയ പര്വീന് ആത്മഹത്യ ചെയ്ത കേസില്‍ ആരോപണ വിധേയനായ സി ഐ സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സി ഐ നടത്തിയ മധ്യസ്ത ചർച്ചയിൽ തെറ്റില്ല.എന്നാല്‍ കേസെടുക്കുന്നതില്‍ ഗുരുതര വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. ആലുവ ഡി.വൈ.എസ്.പി പി.കെ. ശിവന്‍കുട്ടിക്കായിരുന്നു ഇതു സംബന്ധിച്ച അന്വേഷണ ചുമതല.
മോഫിയ സി.ഐയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ അടിച്ചതിന് ശാസിക്കുക മാത്രമാണുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഇന്ന് 11 മണിക്ക് സി ഐയുടെ സസ്പെന്ഷന് ആവശ്യപ്പെട്ടുകൊണ്ട് എസ്പി ഓഫീസിലേയ്ക്ക് ഡിസിസി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്നലെ സിഐ സുധീറിനെ പൊലീസ് ഹെഡ് ക്വാട്ടേഴ്സിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ സസ്പെന്‍ഡ് ചെയ്യണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ബെന്നി ബഹന്നാന് എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്. റോജി എം ജോണ്‍ എന്നിവരാണ് ആലുവ പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.