Top

'സ്‌കൂള്‍ സമയമാറ്റമില്ല'; മതപഠനം നഷ്ടപ്പെടുത്തുക എന്ന ഉദ്ദേശം സര്‍ക്കാരിനില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലിംഗപരമായ സവിശേഷതയാല്‍ ഒരു കുട്ടിയെയും മാറ്റിനിര്‍ത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു

12 Dec 2022 8:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്‌കൂള്‍ സമയമാറ്റമില്ല; മതപഠനം നഷ്ടപ്പെടുത്തുക എന്ന ഉദ്ദേശം സര്‍ക്കാരിനില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി
X

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റം എന്നത് ആശയം മാത്രമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ വിശദമായ ചര്‍ച്ചയക്ക് ശേഷമേ നടപടികള്‍ തീരുമാനിക്കൂ. ഖാദര്‍ കമ്മീഷന്‍ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

സ്‌കൂള്‍ സമയമാറ്റം ആശയം മാത്രമാണ്. ഇത് തീരുമാനമായി വ്യാഖ്യാനിക്കപ്പെടേണ്ടതില്ല. മതനിഷേധം എന്നത് സര്‍ക്കാരിന്റെ നിലപാടല്ല. മതപഠനം നഷ്ടപ്പെടുത്തുക എന്ന ഉദ്ദേശം സര്‍ക്കാരിനില്ലെന്നും മന്ത്രി വ്യക്തമാക്കി.

'പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ജനകീയ അഭിപ്രായം സ്വരൂപിക്കാനുള്ള ചര്‍ച്ചാക്കുറിപ്പുകള്‍ മാത്രമാണ് പുറത്തിറക്കിയത്. ജനാധിപത്യപരവും സുതാര്യവുമായ പാഠ്യപദ്ധതി നടപ്പാക്കുന്നതിനായി 26 ഫോക്കസ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. ഇത് ചര്‍ച്ചകള്‍ക്കുള്ള ചില സൂചകങ്ങള്‍ മാത്രമാണ്. നിലപാട് രേഖയോ പാഠ്യപദ്ധതി ചട്ടക്കൂടുകളോ അല്ല

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലിംഗപരമായ സവിശേഷതയാല്‍ ഒരു കുട്ടിയെയും മാറ്റിനിര്‍ത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജെന്‍ഡര്‍ സാമൂഹ്യ നിര്‍മ്മിതിയാണെന്നും സെക്‌സ് അഥവാ ലിംഗം എന്നത് ജൈവപരമാണെന്നും കുട്ടികള്‍ മനസിലാക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് നല്‍കി വരുന്ന സവിശേഷ പരിഗണനയും സംരക്ഷണങ്ങളും ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ വഴി ഇല്ലാതാകും എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. യൂണിഫോം എന്ത് വേണം എന്നതില്‍ അതാത് സ്‌കൂളുകള്‍ക്ക് തീരുമാനമെടുക്കാം.

മിക്‌സഡ് സ്‌കൂള്‍ ആക്കുന്നതിലും സ്‌കൂള്‍ തലത്തില്‍ തീരുമാനം എടുക്കുന്നതാണ് നല്ലത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തുന്ന മിക്‌സ്ഡ് ബെഞ്ച് സര്‍ക്കാരിന്റെ ആലോചനയിലില്ല. എന്നാല്‍ ലിംഗ സമത്വ ആശയങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകില്ല', മന്ത്രി വി ശിവന്‍കുട്ടി സഭയില്‍ പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയല്ല ജെന്‍ഡര്‍ കണ്‍ഫ്യൂഷനാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ സഭയില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.

Story Highlights: Minister V Sivankutty About The Change In School Timing

Next Story