Top

'ജോലി ചെയ്യാതിരിക്കാനുള്ള ചിലരുടെ ബോധപൂര്‍വ്വമായ നീക്കം'; കെഎസ്ആര്‍ടിസിയിലെ കൊവിഡ് ബാധയെ കുറിച്ച് ഗതാഗത മന്ത്രി

18 Jan 2022 6:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജോലി ചെയ്യാതിരിക്കാനുള്ള ചിലരുടെ ബോധപൂര്‍വ്വമായ നീക്കം; കെഎസ്ആര്‍ടിസിയിലെ കൊവിഡ് ബാധയെ കുറിച്ച് ഗതാഗത മന്ത്രി
X

കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന വാര്‍ത്തകള്‍ തള്ളി ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയിലെ കൊവിഡ് വ്യാപനം മറ്റ് മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ താരതമ്യേന കുറവാണ്. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ചില ജീവനക്കാര്‍ നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങളാണെന്നും പണിയെടുക്കാതിരിക്കാനുള്ള നീക്കങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെഎസ്ആര്‍ടിസിയില്‍ നിന്ന് യാത്രക്കാരെ അകറ്റാനുള്ള ശ്രമങ്ങളാണ് പ്രചാരണത്തിന് പിന്നിലെന്ന് കരുതുന്നു. നിലവില്‍ കെഎസ്ആര്‍ടിസിയില്‍ കൊവിഡ് പ്രതിസന്ധിയില്ല. ഒരു സര്‍വീസും മുടങ്ങുന്ന സാഹചര്യവും നിലവിലില്ല. സര്‍വീസുകള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സാഹചര്യമില്ല. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിറ്റിംഗ് കപ്പാസിറ്റിയില്‍ ആളുകളെ കയറ്റാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ ആളുകള്‍ കയറുമ്പോള്‍ വേണ്ടെന്ന് പറയാന്‍ സാധിക്കില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സ്വയം നിയന്ത്രിക്കണം പാലിക്കുകയാണ് വേണ്ടത്. തിരക്കുള്ള ബസ്സുകളില്‍ ആളുകള്‍ കയറാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ പൊതു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം ഗതാഗത വകുപ്പ് ആലോചിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ രോഗവ്യാപനം സംബന്ധിച്ച ഉദ്യോഗസ്ഥരുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്. ജനസാന്ദ്രത കൂടിയ ജില്ലയാണ് തിരുവനന്തപുരം. അതിനാല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. പൊതുപരിപാടികള്‍ എല്ലാം റദ്ദാക്കിയിട്ടുണ്ട്. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നും മന്ത്രി പ്രതികരിച്ചു.

കെഎസ്ആര്‍ടിസിയിലും പ്രതിസന്ധി രൂക്ഷമാക്കി കൊവിഡ് വ്യാപനം എന്നായിരുന്നു രാവിലെ പുറത്തുവന്ന വാര്‍ത്തകള്‍. തിരുവനന്തപുരത്ത് മാത്രം 80 ലധികം ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചു കഴിഞ്ഞിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ 25 ജീവനക്കാര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചതിന് ഒപ്പം ചീഫ് ഓഫീസിലും രോഗ വ്യാപനം രൂക്ഷമാണ് എന്നായിരുന്നു വാര്‍ത്തകള്‍. എറണാകുളം ഡിപ്പോയില്‍ 15 പേര്‍ക്കും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനത്തെ തുടര്‍ന്ന് ജീവനക്കാരില്ലാത്തതിനാല്‍ സംസ്ഥാനത്ത് ആകെ 399 ബസുകള്‍ സര്‍വീസ് നിര്‍ത്തേണ്ട സാഹചര്യമാണുള്ളതെന്നുമായിരുന്നു റിപ്പോര്‍ട്ട്.

Next Story