ശബരിമല ഗതാഗത സൗകര്യം വിലയിരുത്താന്‍ യോഗം ചേരും; മന്ത്രി ആന്റണി രാജു
തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഗതാഗതവും പാര്‍ക്കിംഗ് സംവിധാനവും തയ്യാറാക്കാനുള്ള നടപടികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
10 Nov 2021 3:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി ഗതാഗതസൗകര്യം വിലയിരുത്തുന്നതിനായി 12 ന് പമ്പയില്‍ ഉന്നതതല യോഗം ചേരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശബരിമലയിലേക്കുള്ള ഗതാഗത സൗകര്യങ്ങളും പാര്‍ക്കിംഗ് ക്രമീകരണങ്ങളും വിലയിരുത്താനാണ് യോഗം ചേരുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നതീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഗതാഗതവും പാര്‍ക്കിംഗ് സംവിധാനവും തയ്യാറാക്കാനുള്ള നടപടികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം സന്ദര്‍ശികർ കുറവായിരുന്നു. ഈ വര്‍ഷം കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തീര്‍ത്ഥാടകരുടെ യാത്ര സുരക്ഷിതമാക്കുന്നതിനായി കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ സഹകരണത്തോടെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ആവിഷ്‌കരിച്ച ശബരിമല സേഫ് സോണ്‍ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു വെള്ളിയാഴ്ച നിര്‍വ്വഹിക്കും. കൊവിഡ് സാഹചര്യത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സുരക്ഷയൊരുക്കുക തന്നെയാണ് ഈ പദ്ധതിയുടേയും ലക്ഷ്യം.
പമ്പ ദേവസ്വം ബോര്‍ഡ് സാകേതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കെ. യു. ജെനിഷ് കുമാര്‍, ജനപ്രതിനിധികള്‍, ഗതാഗത സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍, മോട്ടോര്‍ വാഹന വകുപ്പ്, കെഎസ്ആര്‍ടിസി, റോഡ് സേഫ്റ്റി അതോറിറ്റി എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.