Top

നഗരസഭാ കൗണ്‍സിലറുടെ കൊലപാതകം: രണ്ടാം പ്രതിയേക്കുറിച്ച് വിവരം ലഭിച്ചെന്ന് പൊലീസ്

രണ്ടാം പ്രതിയായ ഷുഹൈബ് ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു

31 March 2022 11:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നഗരസഭാ കൗണ്‍സിലറുടെ കൊലപാതകം: രണ്ടാം പ്രതിയേക്കുറിച്ച് വിവരം ലഭിച്ചെന്ന് പൊലീസ്
X

മലപ്പുറം: മഞ്ചേരിയില്‍ നഗരസഭാ കൗണ്‍സിലറെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാം പ്രതിയായ ഷുഹൈബിനെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് സൂചന. ഇയാള്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഷുഹൈബ് കീഴടങ്ങാന്‍ നില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതകക്കേസില്‍ ഇന്ന് ഒരാള്‍കൂടി പിടിയിലായിരുന്നു. നെല്ലിക്കുത്ത് സ്വദേശിയായ ഷംസീറാണ് പിടിയിലായത്. നേരത്തെ മജീദ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ രണ്ട് പ്രതികള്‍ പിടിയിലായി.

മഞ്ചേരി സ്വദേശികളായ അബ്ദുള്‍ മജീദും, ഷുഹൈബുമാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു പൊലീസിന് ആദ്യം ലഭിച്ച വിവരം. ഇന്നലെ അറസ്റ്റ് ചെയ്ത മജീദില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നെല്ലിക്കുത്ത് സ്വദേശിയായ ഷംസീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതികളിലൊരാളായ ഷുഹൈബിനെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചനകളും ലഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയായിരുന്നു ബൈക്കിലെത്തിയ സംഘം മുസ്ലിം ലീഗ് പ്രാദേശിക നേതാവും മഞ്ചേരി നഗരസഭ പതിനാറാം വാര്‍ഡ് മെമ്പറുമായ അബ്ദുല്‍ ജലീലിനെ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അബ്ദുള്‍ ജലീല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടാണ് മരിച്ചത്. മഞ്ചേരി പയ്യനാട് വെച്ച് കൗണ്‍സിലര്‍ സഞ്ചരിച്ച വാഹനത്തിന് വഴി കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനോടുവിലാണ് അബ്ദുല്‍ ജലീലിന് നേരെ ആക്രമണം നടന്നത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ തലയോട്ടി തകര്‍ന്ന അബ്ദുള്‍ ജലീലിനെ രണ്ട് അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമായിക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് മഞ്ചേരി സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടന്നു.

അബ്ദുള്‍ ജലീലിന്റെ മരണത്തെത്തുടര്‍ന്ന് ഇന്ന് മഞ്ചേരി നഗരസഭ പരിധിയില്‍ യു ഡി എഫ് ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

STORY HIGHLIGHTS: manjeri city councilor murder; police received informtion about second accused

Next Story