മണിച്ചന്റെ മോചനം; പേരറിവാളന് വിധി പരിഗണിച്ച് തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം
ജയിലുപദേശക സമിതി നല്കിയ രേഖകള്‍ പരിശോധിച്ച ശേഷമാണ് നിര്‍ദേശം
20 May 2022 10:23 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതിയായ മണിച്ചന്റെ ജയില്‍ മോചനത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. നാല് ആഴ്ചക്കുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജയിലുപദേശക സമിതി നല്കിയ രേഖകള്‍ പരിശോധിച്ച ശേഷമാണ് നിര്‍ദേശം. മോചന കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ പേരറിവാളന് വിധി കൂടി പരിഗണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കല്ലുവാതുക്കല്‍ മദ്യ ദുരന്തം
2000 ഒക്ടോബര്‍ 21ന് കല്ലുവാതുക്കല്‍ 19 ആള്‍ക്കാരും പള്ളിക്കല്‍, പട്ടാഴി എന്നിവിടങ്ങളിലുമുള്ള 31 പേര് വ്യാജമദ്യം കഴിച്ച് മരിക്കാനും ധാരാളം പേര്‍ക്ക് കാഴ്ച്ച നഷ്ടപ്പെടാനുമിടയായ സംഭവമാണ് കല്ലുവാതുക്കല്‍ മദ്യ ദുരന്തം എന്ന പേരില്‍ അറിയപ്പെടുന്നത്. മണിച്ചന്, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ, സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാര്‍, എന്നിവരും പ്രതികളായിരുന്നു. ഹയറുന്നിസ ജയില്‍ ശിക്ഷ അനുഭവിക്കവെ കരള്‍ വീക്കം മൂലം മരണമടഞ്ഞു. സുരേഷ് കുമാര്‍, മനോഹരന് എന്നിവരും പ്രതികളാണ്. നാല്പ്പത്തൊന്നാം പ്രതിയായ സോമന്റെ ശിക്ഷ പിന്നീട് ഇളവുചെയ്തിരുന്നു.
വ്യാജ മദ്യം കഴിച്ച് 31 പേരാണ് അന്ന് മരിച്ചത്. ആറുപേര്‍ക്ക് കാഴ്ച നഷ്ടമാവുകയും 500 പേര് ചികിത്സ തേടുകയും ചെയ്തിരുന്നു. കേസില്‍ മണിച്ചന് 302ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന, ഗൂഢാലോചനയ്ക്ക് കൂട്ടുനില്‍ക്കല്‍, കാഴ്ചനഷ്ടപ്പെടുത്തല്‍, ചാരായത്തില്‍ വിഷംകലര്‍ത്തല്‍, തെളിവ് നശിപ്പിക്കല്‍, സ്പിരിറ്റ് കടത്തല്‍, ചാരായവില്‍പ്പന തുടങ്ങിയ കുറ്റങ്ങള്‍ക്കായി മറ്റൊരു 43 വര്‍ഷവും വിധിച്ചിരുന്നു.
കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസിലെ മറ്റ് പ്രതികളും മണിച്ചന്റെ സഹോദരങ്ങളുമായ കൊച്ചനി, മണികണ്ഠന് എന്നിവര്‍ക്ക് നേരത്തെ ശിക്ഷ ഇളവ് നല്‍കിയിരുന്നു. കഴിഞ്ഞവര്‍ഷമാണ് ഇരുവരെയും വിട്ടയച്ചത്. പൂജപ്പുര സെന്‍ട്രന്‍ ജയിലിലായിരുന്ന മണിച്ചന് നിലവില്‍ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലാണുള്ളത്. ജയിലില്‍ മികച്ച കര്‍ഷകനായാണ് മണിച്ചന് അറിയപ്പെടുന്നത്.