'ഇന്ദിരാഗാന്ധി ക്രൂരയായ ഭരണാധികാരി തന്നെ'; ബാനര്‍ ഉയര്‍ത്തി കെട്ടി മഹാരാജാസ് എസ്എഫ്ഐ
''ഇന്ത്യന്‍ ജനാധിപത്യത്തെ ഇരുണ്ടകാലത്തിലേക്ക് തള്ളിവിട്ടത് ഇന്ദിര തന്നെയാണെന്ന് എസ്എഫ്ഐ.
12 Aug 2022 10:21 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: മഹാരാജാസ് കോളേജില്‍ കെഎസ്.യു ഉയര്‍ത്തിയ ബാനറിന് മറുപടിയുമായി പുതിയ ബാനര്‍ ഉയര്‍ത്തി എസ്എഫ്ഐ. ഇന്ദിരാഗാന്ധി ക്രൂരയായ ഭരണാധികാരി തന്നെയാണെന്നും ഇന്ത്യന്‍ ജനാധിപത്യത്തെ ഇരുണ്ടകാലത്തിലേക്ക് തള്ളിവിട്ടത് ഇന്ദിരയാണെന്ന് ബാനര്‍ ഉയര്‍ത്തിയ ഫോട്ടോ പങ്കുവച്ച് മഹാരാജാസിലെ എസ്എഫ്ഐക്കാര്‍ വ്യക്തമാക്കി.
നേരത്തെ കെഎസ്.യു ഉയര്‍ത്തിയ ബാനറിനെ മറച്ച നിലയിലായിരുന്നു എസ്എഫ്ഐയുടെ പുതിയ ബാനര്‍. ഇതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് കെഎസ്.യു ബാനറിന്റെ മുകളിലേക്ക് പുതിയ ബാനര്‍ എസ്എഫ്ഐ ഉയര്‍ത്തി കെട്ടിയത്.
തുടര്‍ന്ന് എസ്എഫ്ഐ പറഞ്ഞത് ഇങ്ങനെ: ഇന്ദിര ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരയായ ഭരണാധികാരി തന്നെയാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ ഇരുണ്ടകാലത്തിലേക്ക് തള്ളിവിട്ടത് ഇന്ദിര തന്നെയാണ്.
തിരഞ്ഞെടുപ്പില്‍ ക്രമക്കേട് കാണിച്ചതിന്റെ ഭാഗമായി അലഹബാദ് ഹൈകോടതി ഇന്ദിരയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദ് ചെയ്തതിനാലാണ് 1975 ജൂണ്‍ 25ന് ഈ രാജ്യത്തിന്റെ ജനാധിപത്യത്തെ ആകമാനം തച്ചുടച്ചുകൊണ്ട് ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. മാധ്യമങ്ങള്‍ക്ക് അത് റിപ്പോര്‍ട്ട് ചെയ്ത് ജനങ്ങളിലേക്കെത്തിക്കാന്‍ രണ്ടു ദിവസം വേണ്ടിവന്നു. പിന്നീടങ്ങോട്ട് 'നാനാത്വത്തില്‍ ഏകത്വം' എന്ന പൈതൃകം പേറുന്ന ഇന്ത്യരാജ്യം സാക്ഷ്യം വഹിച്ചത് ഇന്ദിരയുടെ കിരാത ഭരണത്തിനായിരുന്നു.
ഇന്ദിരയ്ക്കും അടിയന്തരാവസ്ഥക്കുമെതിരെ ശബ്ദിച്ചവരുടെ വായമൂടികെട്ടാന്‍ കാക്കി കാപാലികര്‍ പാഞ്ഞുനടന്നു. നിരവധിപേരെ നിര്‍ബന്ധിതമായി വന്ദീകരിച്ചു. ഇന്ത്യയുടെ തടവറകളില്‍ നിരപരാധികളുടെ ശബ്ദം തളംകെട്ടി നിന്നു. തെരുവുകള്‍ രക്തരൂക്ഷിതമായി. രാജ്യത്തിന്റെ എല്ലാ കോണുകളിലും ശക്തമായ പോരാട്ടങ്ങള്‍ നടന്നു. പാലക്കാട് മണ്ണാര്‍ക്കാട് MES കോളജില്‍ അടിയന്തരവസ്ഥയ്ക്കെതിരെ ശബ്ദിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയായ എസ് എഫ് ഐ പ്രവര്ത്തകന് മുഹമ്മദ് മുസ്തഫയെ ലോക്കപ്പില്‍ വെച്ച് കൊലചെയ്തു. എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിയായ രാജനെ കക്കയം ക്യാമ്പിന്റെ ക്രൂരതയില്‍ ഇല്ലാതാക്കി.. അത്തരത്തില്‍ എണ്ണിയാലൊടുങ്ങാത്ത ജനാധിപത്യത്തിന്റെ ധ്വംസനങ്ങള്‍ അടിയന്തരാവസ്ഥയില്‍ നിറഞ്ഞാടി. അതെ,ഇന്ദിര ജനഹൃദയങ്ങളിലുണ്ട്. ലക്ഷം മനുഷ്യരെ ഷണ്ഡീകരിച്ച, വാ തുറന്നവരെ വേട്ടയാടിയ, തെരുവുകളില്‍ പോലും അഭയം നല്‍കാതെ ഭയപ്പെടുത്തിയ, ദുരമൂത്ത ഭരണാധികാരിയുടെ രൂപത്തില്‍ ഇന്ദിര ഓര്‍മകളില്‍ തന്നെയുണ്ട്.
എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡന് എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് 'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്' എന്നെഴുതിയ ബാനര്‍ എസ്എഫ്ഐ ഉയര്‍ത്തിയത്. ഇതിനുള്ള മറുപടിയെന്ന നിലയിലാണ് 'ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും' എന്നെഴുതിയ ബാനര്‍ കെഎസ്യു ഉയര്‍ത്തിയത്. ഇതിന് മറുപടിയായാണ് 'അതെ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ' എന്ന ബാനര്‍ എസ്എഫ്ഐ സ്ഥാപിച്ചത്.