Top

'ഹാപ്പി സര്‍ദാര്‍ സെറ്റില്‍ വെച്ച് ഒരു അനുഭവമുണ്ടായി'; സിദ്ദിഖിന്റെ നിലപാട് കാരണം സങ്കടപ്പെട്ടെന്ന് മാല പാര്‍വ്വതി

'അവരൊക്കെയുള്ളപ്പോൾ എനിക്ക് അമ്മയിൽ വലിയ പ്രതീക്ഷയില്ല'

3 May 2022 12:12 PM GMT
ഫിൽമി റിപ്പോർട്ടർ

ഹാപ്പി സര്‍ദാര്‍ സെറ്റില്‍ വെച്ച് ഒരു അനുഭവമുണ്ടായി; സിദ്ദിഖിന്റെ നിലപാട് കാരണം സങ്കടപ്പെട്ടെന്ന് മാല പാര്‍വ്വതി
X

നടൻ സിദ്ദിഖിനെതിരെ വിമർശനവുമായി നടി മാല പാർവ്വതി. 'ഹാപ്പി സർദാർ' എന്ന സിനിമയുടെ സെറ്റിൽ അഭിനയിക്കവേ തനിക്ക് സിദ്ദിഖിൽ നിന്നും സങ്കടപ്പെടുത്തുന്ന അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. 'അമ്മ' സംഘടനയിൽ നിന്നും രാജിവെച്ചതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവിയുടെ ത്രീ പിഎം ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു മാല പാർവ്വതി.

'സിദ്ദിഖിൽ നിന്നും ഹാപ്പി സർദാർ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഒരു അനുഭവമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില നിലപാടുകൾ കാരണം ഞാൻ കുറച്ച് സങ്കടപ്പെട്ടിട്ടുണ്ട്. അവരൊക്കെയുള്ളപ്പോൾ എനിക്ക് അമ്മയിൽ വലിയ പ്രതീക്ഷയില്ല' മാല പാർവ്വതി അറിയിച്ചു.

2019ൽ ആയിരുന്നു 'ഹാപ്പി സർദാർ' എന്ന സിനിമയുടെ ചിത്രീകരണം നടന്നത്. സിനിമയുടെ സെറ്റിൽ തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നു എന്ന മാല പാർവതിയുടെ വെളിപ്പടുത്തൽ ചർച്ചയായിരുന്നു. തൊട്ടുപിന്നാലെ സിനിമയുടെ ചില അണിയറപ്രവർത്തകർ സെറ്റിൽ ഒരു അമ്മ നടി കാരവാൻ ചോദിച്ചു എന്ന് ആരോപിച്ച് രംഗത്ത് വന്നു. ഇതിന് പിന്നാലെ നടി സെറ്റിൽ പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാത്തതിനെതിരെ പോസ്റ്റും പങ്കുവെച്ചിരുന്നു.

മാല പാർവതി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ്:

ഹാപ്പി സർദാർ എന്ന സിനിമയിൽ അമ്മ നടി കാരവൻ ചോദിച്ചു എന്നൊരാരോപണം സഞ്ജയ് പാൽ ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസറുടെ കാഷ്യർ ആണ് ആൾ... ചായ, ഭക്ഷണം, ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവാൻ ചോദിക്കാൻ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് 3 മുതൽ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ തന്നിരുന്നിടത്ത് ബ്ലോക്ക്‌ ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാൻ കാരവൻ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെൺകുട്ടികൾക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങൾ? സഞ്ജയ് പാൽ എന്ന ആൾക്കുള്ള മറുപടിയാണിത്. ബില്ല് ചുവടെ ചേർക്കുന്നു. ഈ സെറ്റിലെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. തല്ക്കാലം നിർത്തുന്നു.

story highlights: maala parvathi about the old incident against siddique on happy sardar movie set

Next Story