'ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും'; ആലപ്പുഴ ലഹരിക്കടത്ത് വിവാദത്തില്‍ എംഎ ബേബി
പാര്‍ട്ടിക്ക് നിരക്കാത്ത ജീവിതശൈലിയുമായി ആര് മുന്നോട്ട് പോയാലും ശക്തമായ നടപടിയെടുക്കും
15 Jan 2023 2:28 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആലപ്പുഴ: ആലപ്പുഴ ലഹരിക്കടത്ത് ഉള്‍പ്പെടെ ആരോപണങ്ങളില്‍ പ്രതികരണവുമായി സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ഉപ്പ് തിന്നവര്‍ ആരായാലും വെള്ളം കുടിക്കുമെന്നും നിലവില്‍ എടുത്തിരിക്കുന്നത് പ്രാരംഭ നടപടിയാണെന്നും എംഎ ബേബി പറഞ്ഞു. ആലപ്പുഴ മാരാരികുളത്തെ സിപിഐഎം ഭവനസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംഎ ബേബി.
പാര്‍ട്ടിക്ക് നിരക്കാത്ത ജീവിതശൈലിയുമായി ആര് മുന്നോട്ട് പോയാലും ശക്തമായ നടപടിയെടുക്കും. ഒരുപാട് വൈകല്യങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തിലാണ് പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നത്. അത് പാര്‍ട്ടിയേയും ബാധിച്ചെന്ന് വരാം. പാര്‍ട്ടിക്ക് നിരക്കാത്ത കുറ്റം ചെയ്യുന്നവര്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും എംഎ ബേബി പറഞ്ഞു. നേതാക്കളേയും പാര്‍ട്ടിയേയും കുറിച്ച് ജനങ്ങള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ സംസ്ഥാന കമ്മിറ്റിയെ അറിയിക്കുമെന്നും എംഎ ബേബി പറഞ്ഞു. പരാതികളെല്ലാം ഗൗരവത്തോടെയാണ് കാണുന്നത്. മറ്റ് പ്രശ്നങ്ങളെല്ലാം കുട്ടനാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും എംഎ ബേബി പറഞ്ഞു.
ലഹരിക്കടത്തില്‍ പിടികൂടിയ സിപിഐഎം കൗണ്‍സിലര്‍ ഷാനവാസിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. തന്റെ വാഹനം വാടകയ്ക്ക് കൊടുത്തപ്പോള്‍ ജാഗ്രത പുലര്‍ത്തിയില്ലെന്ന് ചൂണ്ടികാട്ടിയാണ് സസ്പെന്‍ഡ് ചെയ്തത്. അതേസമയം കുട്ടനാട്ടിലെ കൂട്ടരാജിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചെന്നാണ് ജില്ലാ സെക്രട്ടറി ആര് നാസര്‍ നല്കുന്ന വിശദീകരണം.
STORY HIGHLIGHTS: CPIM politburo member MA Baby reacts to allegations including Alappuzha drug smuggling