Top

'പിണറായിയെ കാണുന്നില്ലല്ലോ എന്ന് വാടകക്കൊലയാളികള്‍ അവരോട് ചോദിച്ചു'; എങ്കില്‍ എന്നെ തട്ടാനാണ് നിര്‍ദ്ദേശിച്ചതെന്ന് ഇ പി

'ഞാനുണ്ടതില്‍ തട്ടാന്‍ പറഞ്ഞു'

20 July 2022 12:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിണറായിയെ കാണുന്നില്ലല്ലോ എന്ന് വാടകക്കൊലയാളികള്‍ അവരോട് ചോദിച്ചു; എങ്കില്‍ എന്നെ തട്ടാനാണ് നിര്‍ദ്ദേശിച്ചതെന്ന് ഇ പി
X

കണ്ണൂര്‍: ട്രെയിനില്‍ വെച്ചുള്ള തനിക്കെതിരായ വധശ്രമത്തില്‍ പുതിയ ആരോപണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. അന്ന് വാടകക്കൊലയാളികളുടെ ലക്ഷ്യം പിണറായി വിജയനായിരുന്നു. അദ്ദേഹത്തെ ട്രെയിനില്‍ കാണാത്തതിനെത്തുടര്‍ന്ന് അവര്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ വിളിച്ചപ്പോള്‍ തന്നെ വധിക്കാനാണ് നിര്‍ദ്ദേശിച്ചതെന്നായിരുന്നു ഇ പി ജയരാജന്റെ ആരോപണം.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് താനും പിണറായി വിജയനും ഒരുമിച്ചായിരുന്നു പോയത്. എന്നാല്‍ തിരിച്ചു വരുമ്പോള്‍ മുഖ്യമന്ത്രി മറ്റൊരു വഴിക്കാണ് തിരിച്ചു വന്നത്. അദ്ദേഹം ട്രെയിനില്‍ ഉണ്ടെന്ന് കരുതിയാണ് കൊലയാളികള്‍ കയറിയത്. മദ്രാസില്‍ റെയില്‍വേ ഡിവൈഎസ്പി രേഖപ്പെടുത്തിയ എഫ്‌ഐആറില്‍ കെ സുധാകരന്‍ പ്രതിയാണെന്ന് പറഞ്ഞിട്ടുണ്ടെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.

ഇ പി ജയരാജന്റെ വാക്കുകള്‍:

എന്നെ കൊല്ലാന്‍ നടക്കുന്നവരല്ലേ അവര്‍. അവരില്‍ നിന്ന് വേറൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. വണ്ടിയില്‍ വെടിവെക്കാന്‍ വാടകക്കൊലയാളികളെ വെച്ചു. ഒന്നാമത്തെ ലക്ഷ്യം ഞാനല്ല. മുഖ്യമന്ത്രിയെ വധിക്കലായിരുന്നു ലക്ഷ്യം. അതിനായിരുന്നു വാടകക്കൊലയാളികളെ പണം കൊടുത്ത് ഡല്‍ഹിയില്‍ കൊണ്ടു പോയത്. പാര്‍ട്ടി കോണ്‍ഗ്രസിന് പോകുമ്പോള്‍ ഞങ്ങള്‍ പിണറായിയും ഞങ്ങളുമൊക്കെ ഒന്നിച്ചായിരുന്നു. തിരിച്ചു വരുമ്പോള്‍ അദ്ദേഹം വേറെ വഴിക്ക് വന്നു. ഞങ്ങള്‍ എല്ലാവരും ആ ട്രെയിനില്‍ ഉണ്ടെന്ന് ധരിച്ചിട്ടാണ് കൊലയാളികള്‍ ട്രെയിനില്‍ കയറിയത്. മദ്രാസ് റെയില്‍വേ സ്‌റ്റേഷനില്‍ അവിടുത്ത പൊലീസ് ഡിവൈഎസ്പി ഇട്ട എഫ്‌ഐആറില്‍ പറഞ്ഞിട്ടുണ്ട്, സുധാകരന്‍ പ്രതിയാണെന്ന്. ഇതൊക്കെ നാട്ടില്‍ നിറഞ്ഞു നില്‍ക്കുന്ന കാര്യങ്ങളാണ്.

മുഖ്യമന്ത്രിയെക്കൊല്ലാന്‍ വാടകക്കൊലയാളികളെ എടുത്ത് അയച്ചു. അന്ന് അതില്‍ പിണറായി വിജയന്‍ ഇല്ലായിരുന്നു. ഞാനുണ്ടതില്‍. അപ്പോള്‍ പാര്‍ട്ടി കേന്ദ്രങ്ങളിലേക്ക് വിളിച്ചു ചോദിച്ചു, ഇദ്ദേഹത്തെ ഇതില്‍ കാണുന്നില്ല, എന്താണ് വേണ്ടതെന്ന്. അപ്പോള്‍ ഞാനുണ്ടതില്‍ തട്ടാന്‍ പറഞ്ഞു. അവരതെന്റെ മേലെ പ്രയോഗിച്ചു. അതാണ് കോണ്‍ഗ്രസ് പാര്‍ട്ടി.

STORY HIGHLIGHTS: LDF Convener accuses PinarayI Vijayan was the first target of accused in Murder attempt against him in 1995

Next Story