Top

വിഴിഞ്ഞം തുറമുഖ സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത; ആറ് ഫെറോനകളുടെ നേതൃത്വത്തില്‍ ഇന്ന് റോഡ് ഉപരോധം

സ്‌റ്റേഷന്‍കടവ്, പൂവാര്‍, ഉച്ചക്കട എന്നിവിടങ്ങളിലായിട്ടാണ് സമരം നടക്കുക

17 Oct 2022 1:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഴിഞ്ഞം തുറമുഖ സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത; ആറ് ഫെറോനകളുടെ നേതൃത്വത്തില്‍ ഇന്ന് റോഡ് ഉപരോധം
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത. റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പരിപാടികള്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കും. അതിരൂപതയ്ക്ക് കീഴിലുള്ള ആറ് ഫെറോനകളുടെ നേതൃത്വത്തിലാണ് സമരം. സ്‌റ്റേഷന്‍കടവ്, പൂവാര്‍, ഉച്ചക്കട എന്നിവിടങ്ങളിലായിട്ടാണ് സമരം നടക്കുക.

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്നലെ സര്‍ക്കുലര്‍ വായിച്ചിരുന്നു. സര്‍ക്കാരിന്റേത് ഏകപക്ഷീയമായ നിലപാടുകളാണെന്ന് സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുന്നു. ഇന്ന് നടത്താനിരിക്കുന്ന റോഡ് ഉപരോധത്തിന്റെയും ബുധനാഴ്ച നടത്താനിരിക്കുന്ന സമരത്തിന്റെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍. തുറമുഖ കവാടത്തിലെ സമരം തുടങ്ങി ഇത് അഞ്ചാം തവണയാണ് ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്. സമരം തുടങ്ങി അറുപത് ദിവസത്തിലധികം പിന്നിടുമ്പോഴാണ് പ്രക്ഷോഭ പരിപാടികള്‍ ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി സര്‍ക്കുലര്‍ വായിച്ചിരിക്കുന്നത്. തുറമുഖ നിര്‍മ്മാണം മൂലമുള്ള പാരിസ്ഥിതിക സാമൂഹിക ആഘാതങ്ങള്‍ പഠിക്കുന്നതിനായി ലത്തീന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ജനകീയ കമ്മീഷനുമായി സഹകരിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്.

നീതി കിട്ടും വരെ സമരം തുടരാനാണ് ലത്തീന്‍ അതിരൂപത തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. വിഴിഞ്ഞം ജംഗ്ഷന്‍, മുല്ലൂര്‍ എന്നിവിടങ്ങളില്‍ നടത്താനിരുന്ന റോഡ് ഉപരോധമാണ് നിരോധിച്ചത്. മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനമെന്നും ഉത്തരവില്‍ പറയുന്നു. സമരം കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിവിധ സ്ഥലങ്ങളില്‍ വിന്യസിക്കും.

STORY HIGHLIGHTS: Latin Archdiocese to intensify Vizhinjam port strike

Next Story