'പലസ്തീനെതിരായ നിലപാട് എടുക്കുന്ന ദുശ്ശക്തികളിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കണം'; ഉമർ ഫൈസി മുക്കം

'ഇസ്രയേലുമായി ഒരു ബന്ധവും ഇല്ലാതിരുന്ന ഇന്ത്യയുടെ പൈതൃകവും സംസ്കാരവും നഷ്ടപ്പെട്ടു'

dot image

കോഴിക്കോട്: പലസ്തീന് എതിരായ നിലപാട് എടുക്കുന്ന ദുശ്ശക്തികളിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കാൻ എല്ലാവരും ഒരുമിക്കണമെന്ന് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. ഗാസയിൽ ധാർമ്മിക മാനുഷികമൂല്യങ്ങൾ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഇസ്രയേലുമായി ഒരു ബന്ധവും ഇല്ലാതിരുന്ന ഇന്ത്യയുടെ പൈതൃകവും സംസ്കാരവും നഷ്ടപ്പെട്ടു. ഈ അവസരത്തിൽ മറുപടി പറയേണ്ടത് നമ്മളാണ്. അതിന് മറുപടി പറഞ്ഞ് മുന്നോട്ട് പോകണം. സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു ഉമർ ഫൈസി മുക്കം.

ഈ പരിപാടിക്ക് സമസ്തയുടെ എല്ലാവിധ പിന്തുണയും ഉണ്ടെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. ഇസ്രയേലിനോടുളള ഇന്ത്യയുടെ നയത്തിൽ മാറ്റം വന്നത് അമേരിക്കയുമായുളള ചങ്ങാത്തം മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞിരുന്നു.

ഇസ്രയേൽ ലക്ഷ്യമിടുന്നത് വംശീയ ഉന്മൂലനമാണ്. പലസ്തീൻ ജനതക്ക് നേരെയുളള നരനായാട്ട് നിർത്തണമെന്നും പലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പലസ്തീനുമായി മാത്രമായിരുന്നു നമ്മുടെ ബന്ധം. പലസ്തീനെ മാത്രമേ നാം അംഗീകരിച്ചിട്ടുളളു. ഇസ്രയേൽ നാം അംഗീകരിക്കാത്ത രാജ്യമായിരുന്നു. ഒരു തരത്തിലുളള ബന്ധം പോലും നാം പുലർത്തിയിരുന്നില്ല. എപ്പോഴാണ് ഇതിന് മാറ്റം വന്നത് എന്ന് ഓർക്കണം. അന്ന് ആയാലും ഇന്നായാലും ഇസ്രയേലിനെ കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് സാമ്രാജ്യത്വമാണ്. ഇസ്രയേൽ എല്ലാ ക്രൂരതയും കാണിക്കുന്നത് അമേരിക്കൻ പിന്തുണയോടെയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഇസ്രയേലിനെ ഇന്ത്യ അംഗീകരിച്ചത് രാജ്യമെന്ന നിലയിലുളള വീണ്ടുവിചാരത്തിന്റെ ഭാഗമായി സംഭവിച്ചതല്ല, കഴിഞ്ഞ കാലത്ത് സ്വീകരിച്ച നയം തെറ്റായിപോയതിന്റെ ഭാഗമായി സംഭവിച്ചതുമല്ല, അതിന് പിന്നിൽ അമേരിക്കയോടുളള ചങ്ങാത്തമായിരുന്നു. ഇന്ത്യ അമേരിക്കയുടെ സമ്മർദ്ദത്തിന് കീഴ്പ്പെട്ടു. രാജ്യത്തിന്റെ നയത്തിൽ പിന്നീട് വെളളം ചേർക്കപ്പെട്ടെന്നും മുഖ്യമന്ത്രി വിശദമാക്കി.

'എവിടെ മറ്റ് പാർട്ടികൾ കാണാനില്ലല്ലോ'; ഇസ്രയേൽ ലക്ഷ്യമിടുന്നത് വംശീയ ഉന്മൂലനമാണെന്ന് മുഖ്യമന്ത്രി

സരോവരത്ത് പ്രത്യേകം സജ്ജീകരിച്ച യാസർ അറാഫത്ത് നഗറിലാണ് സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി പരിപാടി സംഘടിപ്പിച്ചത്. വിവിധ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. വിവിധ സംഘടനാ നേതാക്കാൾ റാലിയിൽ സംസാരിച്ചു.

dot image
To advertise here,contact us
dot image