Top

'പെൺകുട്ടികളോടുള്ള സമീപനത്തിൽ സമസ്തയ്ക്ക് മാറ്റം വരുത്തേണ്ടി വരും'; കെടി ജലീൽ

15 May 2022 6:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെൺകുട്ടികളോടുള്ള സമീപനത്തിൽ സമസ്തയ്ക്ക് മാറ്റം വരുത്തേണ്ടി വരും; കെടി ജലീൽ
X

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സമസ്തയുടെ വേദിയിൽ നിന്ന് ഇറക്കി വിട്ട സംഭവത്തിൽ പ്രതികരണവുമായി കെടി ജലീൽ. സമസ്തയുടെ പല നയങ്ങളെയും അം​ഗീകരിക്കുന്നെങ്കിലും പെൺകുട്ടികളെ പൊതുവേദിയിൽ വിലക്കുന്നത് അം​ഗീകരിക്കാനാവില്ലെന്ന് കെടി ജലീൽ പറഞ്ഞു. സമസ്തയിൽ കാലങ്ങളായി നിലനിൽക്കുന്ന ചില ധാരണകൾ മാറേണ്ടതുണ്ട്. കാലം മുന്നോട്ട് പോവുന്തോറും ഈ തെറ്റിദ്ധാരണകൾ മാറുമെന്നും പെൺകുട്ടികളോടുള്ള സമീപനത്തിൽ സമസ്തയ്ക്ക് മാറ്റം വരുത്തേണ്ടി വരുമെന്നും കെടി ജലീൽ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

കെടി ജലീലിന്റെ വാക്കുകൾ,

സമസ്തയെ പല കാര്യങ്ങളിലും അം​ഗീകരിക്കുന്ന ആളാണ് ഞാൻ.സമസ്തയുടെ മദ്രസയിൽ പഠിച്ചിട്ടുള്ള ഒരാളാണ്. പെൺകുട്ടികൾക്ക് സ്റ്റേജിൽ കയറാനുള്ള വിലക്കിനെയാണ് ഞാൻ എതിർത്തത്. കേരളത്തിലെ മുസ്ലിങ്ങളെ മിതവാദ സമീപനത്തിൽ നിലനിർത്തുന്നതിൽ സമസ്ത കേരള ജംഇയത്തുൽ ഉലമ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതിന്റെ കൂടെ തന്നെ അവരിൽ കാലങ്ങളായി നില നിൽക്കുന്ന ചില ധാരണകൾ മാറേണ്ടതുണ്ട്. അത് മാറി വരുന്നതിന് നമ്മുടെ മുന്നിൽ തെളിവുകളുണ്ട്.

മുൻ കാലങ്ങളിൽ ഫോട്ടോ എടുക്കുന്നത് നിഷിദ്ധമാണ് എന്ന് മുസ്ലിം നേതാക്കൾ കരുതിയിരുന്നു. അതിൽ നിന്നൊക്കെ ഇപ്പോൾ മാറി. വീഡിയോ ക്യാമറയിൽ ദൃശ്യങ്ങൾ കല്യാണ ദൃശ്യങ്ങൾ പകർത്തുന്നത് നിഷിദ്ധമാണ് എന്ന് കരുതിയ കാലമുണ്ടായിരുന്നു. വീഡിയോ ക്യാമറകൾ ഉണ്ടെങ്കിൽ നിക്കാഹിന് വരില്ലെന്ന് പറയുമായിരുന്നു. അതൊക്കെ മാറി ഇപ്പോൾ അതേ ആളുകൾ തന്നെയാണ് ഈ സംവിധാനങ്ങളെയൊക്കെ വളരെ നല്ല രീതിയിൽ ഇപ്പോൾ പ്രയോജനപ്പെടുത്തുന്നത്. ഇന്നലെ തെറ്റായിരുന്നത് ഇന്ന് ശരിയാവുന്നുണ്ട്. ഞാൻ മനസ്സിലാക്കുന്നത് പെൺകുട്ടികളുടെ കാര്യത്തിൽ സമസ്ത കുറച്ചു കൂടി കഴിയുമ്പോഴേക്ക് സമീപനത്തിൽ മാറ്റം വരുത്തേണ്ടി വരും, മാറ്റം വരുത്തും എന്ന് തന്നെയാണ്.

മുമ്പ് പെൺകുട്ടികൾ പഠിക്കാൻ പാടില്ലെന്ന് ചില മുസ്ലിം നേതാക്കൾക്ക് ധാരണയുണ്ടായിരുന്നു. ആ ധാരണകളൊക്കെ തിരുത്തപ്പെട്ട് മതവിദ്യാഭ്യാസത്തോടൊപ്പം തന്നെ ഭൗതിക വിദ്യാഭ്യാസവും ആവശ്യമാണെന്ന നിലയിലേക്ക് വളർന്നിട്ടുണ്ട്. സമസ്ത ചെയ്യുന്ന നല്ല കാര്യങ്ങളെ അം​ഗീകരിക്കുന്നു. അതോടൊപ്പം തന്നെ ഇത്തരത്തിലുള്ള നിലപാടുകൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.

Story Highlight: KT Jaleel says samastha will have to change their attitude towards women

Next Story