Top

ചെറുകിട സംരംഭകര്‍ക്കായി പുതിയ ഓഫറുകളുമായി കെഎഫ്‌സി; അഞ്ച് ശതമാനം പലിശയില്‍ ഒരു കോടി രൂപ വരെ വായ്പ

ഒരു വര്‍ഷം 500 സംരംഭകര്‍ എന്ന നിരക്കില്‍ അഞ്ച് വര്‍ഷം കൊണ്ട് 2500 വ്യവസായ സ്ഥാപനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാനാണ് കെഎഫ്‌സി ലക്ഷ്യം വെക്കുന്നത്.

18 Nov 2021 10:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചെറുകിട സംരംഭകര്‍ക്കായി പുതിയ ഓഫറുകളുമായി കെഎഫ്‌സി; അഞ്ച് ശതമാനം പലിശയില്‍ ഒരു കോടി രൂപ വരെ വായ്പ
X

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക നഷ്ടത്തില്‍ നിന്നും സംരംഭകരെ കരകയറ്റുന്നതിനായി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് കെഎഫ്‌സി. ഡിസംബര്‍ 31 വരെയാണ് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുളളത്.

പുതിയ ഓഫറുകള്‍ പ്രകാരം മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് അഞ്ച് ശതമാനം പലിശയില്‍ ഒരു കോടി രൂപ വരെ ലഭിക്കും. പഴയ പദ്ധതി പുനരാവിഷ്‌കരിച്ചാണ് പുതിയ പദ്ധതി കെഎഫ്‌സിയിലൂടെ നടപ്പിലാക്കുന്നത്. പഴയ പദ്ധതി പ്രകാരം ഏഴു ശതമാനം പലിശയില്‍ 50 ലക്ഷം രൂപയാണ് പദ്ധതിയില്‍ ലഭ്യമാക്കിയിരുന്നത്.

ഒരു വര്‍ഷം 500 സംരംഭകര്‍ എന്ന നിരക്കില്‍ അഞ്ച് വര്‍ഷം കൊണ്ട് 2500 വ്യവസായ സ്ഥാപനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാനാണ് കെഎഫ്‌സി ലക്ഷ്യം വെക്കുന്നത്. പദ്ധതി നടത്തിപ്പിനായി ഓരോ വര്‍ഷവും 300 കോടിയാണ് കെഎഫ്‌സി നീക്കിവെക്കും. പുതിയ പദ്ധതിയില്‍ 3 ശതമാനം സബ്‌സിഡി കേരളാ സര്‍ക്കാരും 2 ശതമാനം കെഎഫ്‌സിയും നല്‍കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കു 1 കോടി രൂപവരെയുള്ള വായ്പ 5.6% നിരക്കില്‍ ഈ പദ്ധതിമുഖേന ലഭ്യമാക്കുന്നതാണ്. പദ്ധതി ചെലവിന്റെ 90% വരെയാണ് വായ്പ നല്‍കുക. പുതിയ പദ്ധതികള്‍ക്ക് ഒരു കോടി രൂപക്ക് മുകളിലും വായ്പ ലഭിക്കും. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ 1 കോടി രൂപ വരെ ഉള്ള വായ്പകള്‍ 5 ശതമാനം നിരക്കിലും ബാക്കി തുക കെഎഫ്സിയുടെ സാധാരണ പലിശ നിരക്കില്‍ ഉള്‍പെടുത്തിയായിരിക്കും വായ്പ അനുവദിക്കുക.

പത്തു വര്‍ഷം വരെ തിരിച്ചടവ് കാലാവധി ഉണ്ടാകുമെങ്കിലും പലിശ ഇളവ് 5 വര്‍ഷത്തേക്കായിരിക്കും. തെരഞ്ഞെടുത്ത സംരംഭകര്‍ക്കായി കെഎഫ്സി പ്രത്യേക പരിശീലനവും തുടര്‍ സേവനങ്ങളും ലഭ്യമാക്കും.

Next Story

Popular Stories