Top

മൂന്നാം തരംഗ മുന്നൊരുക്കവുമായി കേരളം; ഹോം കെയർ മാനേജ്‌മെന്റ് പരിശീലനം

കാലാവസ്ഥാ വ്യതിയാനം കാരണം ജലദോഷം, പനി, ചുമ, ശരീര വേദന എന്നിവ കാണപ്പെടുന്നു. ഇത്തരം രോഗലക്ഷണങ്ങളുള്ളവരിൽ കോവിഡോ ഒമിക്രോണോ ഉണ്ടാകാനും സാധ്യതയുണ്ട്.

6 Jan 2022 2:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൂന്നാം തരംഗ മുന്നൊരുക്കവുമായി കേരളം; ഹോം കെയർ മാനേജ്‌മെന്റ് പരിശീലനം
X

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ആരോഗ്യ പ്രവർത്തകർക്കായി ഹോം കെയർ മാനേജ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് കുറഞ്ഞ് വന്ന കോവിഡ് കേസുകൾ ചെറുതായി ഉയർന്ന് വരികയാണ്. ഒമിക്രോൺ കേസുകളും കൂടുകയാണ്. സംസ്ഥാനത്ത് ആകെ 280 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. കൂടുതൽ രോഗികൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഏറ്റവും ഫലപ്രദമാണ് ഗൃഹ ചികിത്സ. ഇതിലൂടെ ആശുപത്രി സംവിധാനങ്ങൾക്ക് സമ്മർദം നൽകാതെ എല്ലാവർക്കും മികച്ച പരിചരണം നൽകാനാകും. കേരളം വളരെ ഫലപ്രദമായി നടപ്പിലാക്കിയതാണ് ഗൃഹ പരിചരണം. കേസുകൾ കൂടിയാൽ ആശുപത്രി ചികിത്സ ആവശ്യമില്ലാത്തവർക്ക് ഗൃഹ പരിചരണം നൽകുന്നതിന് ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കാനാണ് പരിശീലനം സംഘടിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനം കാരണം ജലദോഷം, പനി, ചുമ, ശരീര വേദന എന്നിവ കാണപ്പെടുന്നു. ഇത്തരം രോഗലക്ഷണങ്ങളുള്ളവരിൽ കോവിഡോ ഒമിക്രോണോ ഉണ്ടാകാനും സാധ്യതയുണ്ട്. ഇവർക്ക് കോവിഡ് അല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതിനായി കോവിഡ് പരിശോധനയും ആവശ്യമാണ്. കോവിഡ് കേസുകൾ വർധിച്ചാൽ ജീവനക്കാരെ തയ്യാറാക്കി നിർത്തുന്നതിന്റെ ഭാഗമായാണ് ഈ പരിശീലന പരിപാടി. എല്ലാ ജില്ലകളിലുമുള്ള ആരോഗ്യ പ്രവർത്തകർ, ദിശ കൗൺസിലർമാർ, ഇ സഞ്ജീവനി ഡോക്ടർമാർ എന്നിവർക്കും പരിശീലനം നൽകുന്നു. സുരക്ഷിതമായ ഗൃഹ ചികിത്സ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ളതാണ് ഹോം കെയർ മാനേജ്‌മെന്റ് പരിശീനം.

മൂന്നാം തരംഗം മുന്നിൽ കണ്ട് സംസ്ഥാനം വളരെ നേരത്തെ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ആശുപത്രി സൗകര്യങ്ങൾ, ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങൾ, പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങൾ, ഓക്‌സിജൻ, സുരക്ഷാ സാമഗ്രികൾ എന്നിവ സജ്ജമാക്കിയിരുന്നു. എല്ലാ ആശുപത്രികളിലും ഇൻഫെക്ഷൻ കൺട്രോൺ പരിശീലനം, ഐസിയു മാനേജ്‌മെന്റ് പരിശീലനം എന്നിവ സംഘടിപ്പിച്ചിരുന്നു. ഈ പരിശീലനങ്ങൾ തുടരാനും തീരുമാനിച്ചു. ഇതുകൂടാതെയാണ് ഹോം കെയർ മാനേജ്‌മെന്റ് പരിശീനം സംഘടിപ്പിക്കുന്നത്.

സംസ്ഥാന ആരോഗ്യ വകുപ്പും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായി സി ഡിറ്റിന്റെ സഹായത്തോടെ വികസിപ്പിച്ച ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ കോവിഡ് പ്രതിരോധത്തിന് മുതൽക്കൂട്ടാകുന്ന തരത്തിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർക്ക് വേണ്ടിയുള്ള പരിശീലന പരിപാടികൾ നടത്തി വരുന്നു. എല്ലാ ആരോഗ്യ പ്രവർത്തകരും രജിസ്റ്റർ ചെയ്ത് വിവിധ പരിശീലന പരിപാടികളിൽ പങ്കെടുക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

Next Story