ഗള്‍ഫ് വിമാനനിരക്ക് വര്‍ദ്ധനവ്; വ്യോമയാന മന്ത്രിയ്ക്ക് പരാതി നല്കി കേരള പ്രവാസി അസോസിയേഷന്
വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് കേരള പ്രവാസി അസോസിയേഷന്റെ നീക്കം
6 Dec 2022 11:51 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് എതിരെ പോരാട്ടം കടുപ്പിച്ച് കേരള പ്രവാസി അസോസിയേഷന്. വ്യോമയാന മന്ത്രിയ്ക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും പരാതി നല്കി. ദില്ലി ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരാതി നല്‍കിയത്. അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് കേരള പ്രവാസി അസോസിയേഷന്റെ തീരുമാനം.
ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന യാത്രാ നിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കേരള പ്രവാസി അസോസിയേഷന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും പരാതി നല്‍കിയത്. വിമാന കമ്പനികളുടെ നടപടിയ്ക്ക് എതിരെ ദില്ലി ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഡിജിസിഎയെ സമീപിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. തുടര്‍ന്നാണ് കേരള പ്രവാസി അസോസിയേഷന് ചെയര്മാന് രാജേന്ദ്രന് വെള്ളപ്പാലത്തും പ്രസിഡന്റ് അശ്വിനി നമ്പാറമ്പത്തും ചേര്‍ന്ന് പരാതി നല്‍കിയത്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് കേരള പ്രവാസി അസോസിയേഷന്റെ നീക്കം.
Story highlights: Kerala Pravasi Association has filed a complaint to Aviation Minister on Gulf Air Fares Increase