Top

സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം; അപ്പീലുമായി സർക്കാർ ഹൈക്കോടതിയെ സമീപിക്കും

19 Aug 2022 8:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം; അപ്പീലുമായി സർക്കാർ ഹൈക്കോടതിയെ സമീപിക്കും
X

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കും. കോഴിക്കോട് സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. ജഡ്ജി എസ് കൃഷ്ണകുമാറാണ് പീഡന കേസിൽ കുറ്റാരോപിതനായ സിവിക് ചന്ദ്രന് വിചിത്ര വാദങ്ങൾ ഉന്നയിച്ച് മുൻകൂർ ജാമ്യം അനുവദിച്ചത്.

കോടതി വിധിയിലെ വിവാദ പരാമർശങ്ങൾ സർക്കാർ ഹെെക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. ഈ പരാമർശങ്ങൾ നീക്കണമെന്നും സർക്കാർ ആവശ്യപ്പെടും. സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചതിലല്ല മറിച്ച് ഉത്തരവിലെ വിവാദ പരാമർശങ്ങളാണ് അപ്പീൽ നൽകാനുളള കാരണം. സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾക്ക് വിരുദ്ധമായ പരാമർശമാണ് കോടതി ഉത്തരവിലുളളതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിക്കും.

പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ടെന്നും അതിനാൽ സെക്ഷൻ 354 എ പ്രകാരം പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ പരാതി നിലനിൽക്കില്ലെന്നുമാണ് കോടതി ഉത്തരവ്. ശാരീരിക അവശതകളുള്ള, എഴുപത്തിനാലുകാരനായ പ്രതിക്ക് ബലമായി പരാതിക്കാരിയെ പീഡിപ്പിക്കാൻ കഴിയില്ലെന്നും, ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കുന്നുണ്ട്.

ഇതിനു പിന്നാലെ കേസിലെ ആദ്യ കോടതി വിധിയും വിവാദത്തിലായി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീയാണെന്ന് അറിഞ്ഞുകൊണ്ട് ചൂഷണം ചെയ്യുന്ന രീതിയിലുള്ള കുറ്റകൃത്യം പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും പ്രതി ജാതി മത വിവേചനങ്ങൾ ഉള്ള ആളല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന് തെളിവായി സിവിക് ചന്ദ്രന്റെ ജാതി രേഖപ്പെടുത്താത്ത എസ്എസ്എൽസി ബുക്കും കോടതിയിൽ ഹാജരാക്കിയിരുന്നു.

STORY HIGHLIGHTS: Kerala government will approach High Court seeking cancellation of Civic Chandran anticipatory bail

Next Story