'കെ റെയില്‍ യാഥാര്‍ത്ഥ്യമാകും, കയറില്ലെന്ന് കോണ്‍ഗ്രസുകാര്‍ പ്രതിജ്ഞയെടുക്കുമോ'; വെല്ലുവിളിച്ച് സിപിഐഎം
''കേരളത്തിന്റെ എല്ലാ പുരോഗതിയെയും തകര്‍ത്ത പാരമ്പര്യമാണ് യുഡിഎഫിനുള്ളത്''
8 Jan 2022 1:59 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നാടിന്റെ പുരോഗതിയും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ പദ്ധതികളെയും എതിര്‍ക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കൂട്ടമായി യുഡിഎഫ് മാറിയിരിക്കുകയാണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്. കെ റെയിലിന് റെയില്‍വേയും പിന്തുണയോടെ വ്യക്തമാക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലനില്പിന് നല്ലത് നാടിന്റെ വികസനത്തിനൊപ്പം നില്‍ക്കുന്നതാണ്. സര്‍വ്വേ കല്ല് പിഴുതെറിഞ്ഞാലും കെ റെയില്‍ വരിക തന്നെ ചെയ്യും. അല്ലെങ്കില്‍ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കോണ്‍ഗ്രസുകാര്‍ അതില്‍ കയറില്ലെന്ന് പ്രതിജ്ഞയെടുത്ത് വികസനത്തിന് മുഖംതിരിഞ്ഞ് നില്‍ക്കണമെന്നും ഇപി ജയരാജന് ആവശ്യപ്പെട്ടു.
ഇപി ജയരാജന് പറഞ്ഞത്: എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തെ തുടര്‍ന്ന് മനോനില തെറ്റിയ യു.ഡി.എഫ് ഇതുവരെയും ആ ആഘാതത്തില്‍ നിന്ന് മോചിതരായിട്ടില്ല. ജനങ്ങളുടെ വലിയ പിന്തുണ നേടി മുഖ്യ മന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വലിയ കുതിപ്പാണ് തുടര്‍ഭരണത്തിലും ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ദീര്‍ഘവീക്ഷണത്തോടെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന പദ്ധതികള്‍ യു.ഡി.എഫിനെ ആകെ അലോസരപ്പെടുത്തുകയാണ്. കേരളത്തിന്റെ സമഗ്ര വികസനത്തെ അട്ടിമറിക്കാനാണ് യു.ഡി.എഫ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് കെ-റെയില്‍ പദ്ധതിയ്ക്കായി ഭൂമി അളന്ന് അതിര്‍ത്തി തിരിച്ച് നാട്ടിയ സര്‍വ്വെ കല്ലുകള്‍ പറിച്ചുമാറ്റുന്ന പരിപാടിയുമായി മുന്നോട്ടുപോകുന്നത്. പണ്ട്കാലത്ത് അധികാരി ചത്താല്‍ നികുതി കൊടുക്കേണ്ട എന്ന ഒരു ചൊല്ലുണ്ടായിരുന്നു. അതിനാല്‍ അധികാരി ചാവാന്‍ വേണ്ടി പ്രാര്‍ത്ഥിച്ച് കാത്തിരിക്കുമായിരുന്നു. അതുപോലെയാണ് ആധുനിക കാലത്തും കോണ്‍ഗ്രസ്. സര്‍വ്വെ കല്ല് പിഴുതാല്‍ പിന്നെ കെ-റെയില്‍ പദ്ധതി ഉണ്ടാകില്ല, എന്നാണ് അവര്‍ ധരിച്ചുവെച്ചിരിക്കുന്നത്.
കേരളത്തിന്റെ എല്ലാ പുരോഗതിയെയും തകര്‍ത്ത പാരമ്പര്യമാണ് യു.ഡി.എഫിനുള്ളത്. കണ്ണൂരില്‍ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചത് സഖാവ് നായനാര്‍ നേതൃത്വം നല്കിയ ഗവണ്മെന്റിന്റെ കാലത്താണ്. മട്ടന്നൂരില്‍ സ്ഥലം കണ്ടെത്തുകയും ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ക്കായി കണ്ണൂര്‍ കലക്ട്രേറ്റ് ആസ്ഥാനമാക്കി ഒരു സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചു. 4 തഹസില്‍ദാര്‍മാരെയും നിരവധി റവന്യു ഉദ്യോഗസ്ഥരേയും സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി ഭൂമി ഏറ്റെടുക്കാനും വേണ്ടി നിശ്ചയിച്ചു. നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. എന്നാല്‍ ഇന്നത്തേതുപോലെ അന്ന് കോണ്‍ഗ്രസ് (ഐ) കാരും ബിജെപിക്കാരും മൂര്‍ഖന്‍ പറമ്പ് ഏറ്റെടുക്കുന്നതിനെതിരെ രംഗത്ത് വരികയും അതിര്‍ത്തി തിരിച്ച് തറച്ച കുറ്റികള്‍ പറിച്ചെറിയുകയും ചെയ്തു.
പിന്നീട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. കണ്ണൂര്‍ കളക്ട്രേറ്റിലെ സ്പെഷ്യല്‍ ഓഫീസറെ തിരിച്ചു വിളിക്കുകയും ഓഫീസ് പൂട്ടുകയും ചെയ്തു. തഹസില്‍ദാര്‍മാരെ മുഴുവന്‍ താലൂക്കുകളിലേക്ക് തിരിച്ചയക്കുകയും റവന്യൂ നടപടികള്‍ നിര്‍ത്തുകയും വിമാനത്താവളത്തിന്റെ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് വന്ന സഖാവ് വി.എസ് ന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് വിമാനത്താവളത്തിന്റെ നടപടികള്‍ വീണ്ടും തുടങ്ങുകയും ഭൂമി ഏറ്റെടുക്കുകയും പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കുകയും ചെയ്തു. പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാരിന് വിമാനത്താവളം പൂര്‍ത്തീകരിച്ച് തുറന്നുകൊടുക്കാനായില്ല. 2016 ല്‍ വന്ന സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ ഗവണ്മെന്റ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു.
ഗെയ്ല് പദ്ധതിയും യു.ഡിഎഫ് തകര്‍ക്കാന്‍ ശ്രമിച്ചു. ആധുനിക കാലത്ത് പാചകവാതകം പൈപ്പ്ലൈന് വഴി വീടുകള്‍ക്കും കടകള്‍ക്കും വ്യവസായ ശാലകളിലും എത്തിക്കുന്ന, നാടിന്റെ വികസനത്തെ ത്വരിതപ്പെടുത്തുന്ന പദ്ധതിയെ അവസാനിപ്പിക്കാനും ഇല്ലാതാക്കാനും ശ്രമം നടത്തി. എന്നാല്‍ അതും പൈപ്പിടല്‍ പൂര്‍ത്തിയാകി തുറന്നു നല്കാന് എല്‍ഡിഎഫ് ഗവണ്മെന്റിനായി. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയരുകയും എല്ലാ വീടുകളിലും വാഹന ഉപയോഗം ഉണ്ടാവുകയും ചെയ്തു. അതിനാല്‍ തന്നെ സംസ്ഥാനത്ത് ഗതാഗത കുരുക്കും രൂക്ഷമാകാന്‍ തുടങ്ങി. ഇത് ഇല്ലാതാക്കാന്‍ ബൈപാസുകളും പുതിയ റോഡുകളും വേണം.
ദേശീയപാത വീതികൂട്ടുകയും വേണം. ഇതിനുള്ള നടപടികള്‍ അവസാനിപ്പിക്കുകയും തടസ്സം നില്‍ക്കുകയും ചെയ്തവരാണ് കോണ്‍ഗ്രസും യു.ഫി.എഫ് മുന്നണിയിലെ ലീഗ് ഉള്‍പടയുള്ള കക്ഷികളും. കീഴാറ്റൂരില്‍ എന്താണ് സംഭവിച്ചെതെന്ന് നാം ഏവരും കണ്ടതാണ്. എന്നാല്‍ എല്ലാ തടസ്സങ്ങളും ഇല്ലാതാക്കി സുതാര്യമായ നടപടികളിലൂടെ ക്രിയാത്മകമായി സഖാവ് പിണറായി വിജയന് സര്‍ക്കാര്‍ മുന്നേറുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താകെ ചലനമുണ്ടാക്കുകയാണ്. എല്ലാം നാടിന് ഗുണകരമായി ഭവിക്കുകയാണ്. പുതിയ തൊഴില്‍ സംസ്കാരം രൂപപ്പെടുകയാണ്. വിപണിയിലെ വ്യാപാരം വര്‍ദ്ധിക്കുന്നു. കച്ചവടങ്ങളും വ്യവസായങ്ങളും വളരുന്നു. ഇത്തരത്തില്‍ നാട്ടിലാകെ വികസനം സാദ്ധ്യമാവുകയാണ്. ആയിരക്കണക്കിന് തൊഴില്‍ സാധ്യതകള്‍ ഇതിലൂടെ തുറക്കുകയാണ്.
ഇതെല്ലാം കണ്ട് സഹിക്കാന്‍ കഴിയാതിരിക്കുമ്പോഴാണ് കെ-റെയില്‍ പദ്ധതി കൂടി സാധ്യമാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ വന്നു ചേരുന്നത് കാണുന്നത്. ഗതാഗത രംഗത്ത് വലിയ വിപ്ലവം ഉണ്ടാകുന്ന സില്‍വര്‍ ലൈന്‍ കൂടി യാഥാര്‍ത്ഥ്യമായാല്‍ നാട് വളരുകയും യു.ഡി.എഫ് തകരുകയും ചെയ്യുമെന്ന് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ കല്ല് പിഴുതെറിയല്‍. നാടിന്റെ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ട് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന എല്ലാ പദ്ധതികളെയും എതിര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടമായി യു.ഡി.എഫ് മാറിയിരിക്കുകയാണ്. കെ- റെയിലിന് പൂര്‍ണ്ണ പിന്തുണയോടെ റെയില്‍വേയും നിലപാട് വ്യക്തമാക്കിയ ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നില നില്പിന് നല്ലത് നാടിന്റെ വികസനത്തിനൊപ്പം നില്‍ക്കുന്നതാണ്. അധികാരി ചത്താലും നികുതി കൊടുക്കേണ്ടി വരും. സര്‍വ്വേ കല്ല് പിഴുതെറിഞ്ഞാലും കെ-റെയില്‍ വരിക തന്നെ ചെയ്യും എന്നത് മനസ്സിലാക്കി പദ്ധതിക്കൊപ്പം നില്ക്കുക എന്നതാണ് നാട് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ കെ- റെയില്‍ പദ്ധതി യാഥാര്‍ത്യമായാല്‍ കോണ്‍ഗ്രസുകാരായ ഞങ്ങള്‍ അതില്‍ കയറില്ല എന്ന് പ്രതിഞ്ജയെടുത്ത് വികസനത്തിന് മുഖംതിരിഞ്ഞ് നില്ക്കുകയുമാകാം.
- TAGS:
- CPIM
- Congress workers
- krail