Top

'അത്ഭുതങ്ങൾ സംഭവിപ്പിക്കാൻ കോൺഗ്രസിന് കഴിവുണ്ട്'; കേരളത്തിലും ഫാസിസ്റ്റ് ഭരണമെന്ന് കെ സി വേണുഗോപാൽ

23 July 2022 8:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അത്ഭുതങ്ങൾ സംഭവിപ്പിക്കാൻ കോൺഗ്രസിന് കഴിവുണ്ട്; കേരളത്തിലും ഫാസിസ്റ്റ് ഭരണമെന്ന് കെ സി വേണുഗോപാൽ
X

കോഴിക്കോട്: പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കേന്ദ്ര ഏജൻസികളെ രാഷ്‌ട്രീയ പ്രതികാരം തീർക്കാൻ ഉപയോ​ഗിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​​ഗോപാൽ. സോണിയ ഗാന്ധിയെയും രാഹുൽ ​ഗാന്ധിയെയും ചോദ്യം ചെയ്യുന്നത് ഈ രാഷ്രീയ അജണ്ടയുടെ ഭാഗമായാണ്. കേന്ദ്രത്തിൻറെ അതേ നയമാണ് കേരളത്തിൽ ഇടതു സർക്കാരും പിന്തുടരുന്നത്. ഇത്തരം വിരട്ടൽ രാഷ്ട്രീയം കോൺ​ഗ്രസിനോട് ചെലവാകില്ലെന്നും കോഴിക്കോട് നടക്കുന്ന ചിന്തൻ ശിബിരത്തിൽ കെ സി വേണു​ഗോപാൽ പറഞ്ഞു.

കേന്ദ്ര ഏജൻസികളെ പ്രതികാര രാഷ്ട്രീയത്തിന് ഉപയോഗിക്കുന്ന പാർട്ടിയാണ് ബിജെപി. എന്നാൽ കോൺഗ്രസിന് ഒരു ചോദ്യം ചെയ്യലിനെയും ഭയമില്ല. രാജ്യത്തെ നീതിന്യായവ്യവസ്ഥ പോലും സ്വാധീനിക്കപ്പെടുകയാണ്. പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ ബിജെപിക്കൊപ്പം മാധ്യമങ്ങളും കൂട്ടുനിൽക്കുകയാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ ബിജെപിയുടെ ഇലക്ഷൻ ഡിപ്പാർട്ട്മെന്റായി മാറി. മുഹമ്മദ് സുബൈർ എന്ന മാധ്യമപ്രവർത്തകൻ ജയിലിൽ കിടന്നത് എന്തിനുവേണ്ടിയാണെന്ന് ഒരുമാസത്തിന് ശേഷമാണ് കോടതി ചോദിക്കുന്നത്. ഫാസിസത്തിനെതിരെ പ്രതിഷേധിക്കുന്നവരെ നിശബ്ദമാക്കുന്നു. ഇത്തരത്തിൽ രാജ്യത്ത് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത തരത്തിലെ വർ​ഗീയ ഫാസിസ്റ്റ് ഭരണമാണ് കേന്ദ്രത്തിൽ നടക്കുന്നതെന്ന് കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിലേതിന് സമാനമായ ഏകാധിപത്യ ഫാസിസ്റ്റ് ഭരണമാണ് കേരളത്തിലും നടക്കുന്നത്. ഇ കെ നായനാരും വി എസ് അച്യുതാനന്ദനുമൊക്കെ പാർട്ടിക്ക് വിധേയമായിട്ടാണ് ഭരണം നടത്തിയിരുന്നത്. അന്ന് ഭരണത്തിൽ പിശക് സംഭവിക്കുമ്പോൾ പാർട്ടി ഇടപെടുമായിരുന്നു. എന്നാൽ കഴിഞ്ഞ ആറു വർഷമായി കേ‌രളം ഭരിക്കുന്ന പിണറായി സർക്കാർ സിപിഐഎമ്മിനെ ഇരുട്ടിൽ നിർത്തുകയാണ്. പാവപ്പെട്ടവന്റേയും സാധാരണക്കാന്റേയും കഷ്ടപ്പെടുന്നവന്റേയും കൂടെ നിൽക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല, കോൺഗ്രസാണ്. കോൺഗ്രസിന്റെ ഇടതുപക്ഷ സ്വഭാവം കമ്മ്യണിസ്റ്റുകാരനില്ല, പിണറായിക്കുമില്ല. അവരുടെ നയങ്ങളും പരിപാടികളും സമീപനങ്ങളും എല്ലാം ഇടത് അല്ലാതായെന്നും അദ്ദേഹം പറഞ്ഞു.

അത്ഭുതങ്ങൾ സംഭവിപ്പിക്കാൻ കഴിവുള്ള പാർട്ടിയാണ് കോൺഗ്രസ്. ജനങ്ങളെ മുഴുവൻ കോൺഗ്രസിലേക്ക് കൊണ്ടുവരാൻ നമുക്ക് കഴിയണം. 19 പാർലമെൻറ് അംഗങ്ങൾ എന്നത് 20 ആക്കി ഉയർത്താൻ കഴിയുന്ന പ്രവർത്തനമികവോടെ ഒറ്റക്കെട്ടായി ഒരേ മനസോടെ കോൺഗ്രസ് പ്രവർത്തകർ മുന്നോട്ടുപോകണം. ഇത് നമ്മുടെ നിലനിൽപിന് വേണ്ടിയുള്ള പോരാട്ടമാണ്. നമ്മുടെത് മാത്രമല്ല, നാടിന്റേയും, ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വേണ്ടിയുളള പോരാട്ടമാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

STORY HIGHLIGHTS: k c Venugopal in Kozhikode chinthan shivir

Next Story