Top

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇടുക്കിയില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചേക്കും

ഈ മാസം 18 വരെ ഇടിമിന്നലോടു കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

15 Oct 2021 2:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇടുക്കിയില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചേക്കും
X

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 18 വരെ ഇടിമിന്നലോടു കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 2390.86 അടിയിലെത്തിയാല്‍ ജില്ലയില്‍ ഇന്ന് ബ്ലൂ അലര്‍ട്ട് പ്രാഖ്യാപിച്ചേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദവും അറബിക്കടലില്‍ ചക്രവാത ചുഴി ശക്തി പ്രാപിക്കുന്നതും മൂലം സംസ്ഥാനത്ത് അതിതീവ്രമായ മഴ ലഭിക്കുന്നതിന് കാരണമാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. വയനാട്, കോഴിക്കോട് ജില്ലകളൊഴികെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ഇന്നലെ പല ജില്ലകളിലും മഴയുടെ തീവ്രത കുറഞ്ഞതോടെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചിരുന്നു. നാളെ തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ പതിമൂന്ന് ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുളളത്.

മധ്യ കിഴക്കന്‍ തെക്കുകിഴക്കന്‍ അറബിക്കടല്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിനുളള വിലക്ക് നാളെ വരെ തുടരും. മലയോരമേഖലകളില്‍ ജഗ്രതാ നിര്‍ദേശം തുടരും.

Popular Stories

    Next Story