Top

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

6 Sep 2022 10:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
X

തിരുവനന്തപുരം: കേരളത്തിൽ ഉത്രാടപാച്ചിലിൽ മഴ കനക്കും. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർ​ഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. വടക്കന്‍ മേഖലകളില്‍ മഴ കനത്തേക്കും. കോമറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് കേരളത്തിലെ മഴ സാഹചര്യം രൂക്ഷമാക്കുന്നത്.

ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും തുടര്‍ച്ചയായ അതിശക്ത മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളില്‍ അടക്കം അതീവജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരമേഖലയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ പോകരുത്. സെപ്റ്റംബർ 09 വരെ കർണാടക തീരങ്ങളിൽ സെപ്റ്റംബർ 08 മുതൽ സെപ്റ്റംബർ 10 വരെയും മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണം. മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.


Next Story