Top

മഴ തുടരുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട്

റൂള്‍കര്‍വ് അനുസരിച്ച് 2375.53 അടിയാണ് ബ്ലൂ അലര്‍ട്ട്.

3 Aug 2022 5:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഴ തുടരുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു. ഏഴ് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു. ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലായിരുന്നു നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. മൂന്ന് ജില്ലകളിൽ മാത്രമാണ് ഇന്ന് റെഡ് അലർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

ഇടുക്കി ഡാമില്‍ ജലനിരപ്പ് 2375.53 അടിയില്‍ എത്തിയതിനാൽ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. റൂള്‍കര്‍വ് അനുസരിച്ച് 2375.53 അടിയാണ് ബ്ലൂ അലര്‍ട്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും വടക്കൻ ജില്ലകളിലും മലയോര മേഖലകളിലും അതി തീവ്രമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാസർ​ഗോഡ് മരുതോം ചുള്ളിയിൽ വനത്തിൽ ഉരുൾ പൊട്ടിയെന്ന് സംശയം. മരുതോം-മാലോം ബൈപാസിൽ മണ്ണിടിഞ്ഞ് ഗതാഗത തടസവുമുണ്ടായി. ഹൈവേയിലേക്ക് കല്ലും മണ്ണും ചെളിയും ഒഴുകിയെത്തി. ബൈപ്പാസിലും മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായി. ഉരുൾപൊട്ടൽ ഭീതിയുളളതിനാൽ ചുള്ളിയിലെ കോളനിയിൽ നിന്നും പതിനെട്ടോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്ന നടപടി തുടരുകയാണ്.

കൊല്ലം പള്ളിമൺ ആറിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയത്തിൽ സ്വദേശി നൗഫലിന്റെ മൃതദേഹം കണ്ടെത്തി. പള്ളിമൺ ചീപ്പിന് താഴെ നിന്ന് നാട്ടുകാരാണ് നൗഫലിന്റെ മൃതദേഹം കണ്ടെത്തിയത്.

തൃശൂർ ചേറ്റുവ അഴിമുഖത്ത് കാണാതായ മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. കുളച്ചല്‍ സ്വദേശികളായ ഗില്‍ബര്‍ട്ട്, മണി എന്നിവര്‍ക്ക് വേണ്ടിയാണ് തെരച്ചില്‍. നാവിക സേനയും തെരച്ചിലിനുണ്ട്. ചാലക്കുടി പുഴയില്‍ ജലനിരപ്പ് താഴ്ന്നു. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ അലര്‍ട്ടുകള്‍ പിന്‍വലിച്ചിട്ടുണ്ട്. ജില്ലയിൽ 32 ക്യാംപുകൾ തുറന്നിട്ടുണ്ട്. ഈ ക്യാംപുകളിലായി 1268 പേര്‍ കഴിയുന്നുണ്ട്.

പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. പമ്പ, മണിമലയാർ നദികളിൽ വെളളം കൂടിയിട്ടുണ്ട്. മഴക്കെടുതിയിൽ ജില്ലയിൽ 21 വീടുകൾ ഭാഗികമായി തകർന്നു. 33 ക്യാമ്പുകളിലായി 621 ആളുകളെ മാറ്റിപ്പാർപ്പിച്ചു. സംസ്ഥാനത്ത് നാളെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് നാളെ റെഡ് അലർട്ട്.

STORY HIGHLIGHTS: Heavy Rain Continue Red Alert in Three Districts Today

Next Story