ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ സര്‍ക്കാര്‍; സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാന്‍ ആലോചന
14 സര്‍വ്വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കം ചെയ്യാനുള്ള ഓര്‍ഡിനന്‍സ് ഇനിയും രാജ് ഭവനിലേക്ക് സര്‍ക്കാര്‍ അയച്ചിട്ടില്ല
12 Nov 2022 2:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് തുടരുന്നതിനിടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവെക്കുന്നതിന്റെ സാധ്യതകള്‍ സജീവമായി പരിഗണിച്ച് സര്‍ക്കാര്‍. ഡിസംബറില്‍ ചേരുന്ന സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാനാണ് ആലോചന. സഭ അനിശ്ചിതകാലത്തേക്ക് നീട്ടുന്നതോടെ നയപ്രഖ്യാപനം തല്‍ക്കാലത്തേക്ക് ഒഴിവാക്കാനാവും.
ഡിസംബര്‍ അഞ്ചിന് ആരംഭിക്കാനിരിക്കുന്ന സഭ 15 ന് താല്‍ക്കാലികമായി പിരിഞ്ഞ് ക്രിസ്തുമസിന് ശേഷം തുടങ്ങി ജനുവരി വരെ നീട്ടാനാണ് ആലോചന. എങ്കിലും അടുത്ത സഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങേണ്ടി വരും.
14 സര്‍വ്വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കം ചെയ്യാനുള്ള ഓര്‍ഡിനന്‍സ് ഇനിയും രാജ് ഭവനിലേക്ക് സര്‍ക്കാര്‍ അയച്ചിട്ടില്ല. ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ആണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ബന്ധപ്പെട്ട മന്ത്രിമാര്‍ ഒപ്പിടാന്‍ വൈകുന്നതാണ് കാരണം എന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് വിടാനാണ് സാധ്യത.
STORY HIGHLIGHTS: Govt to avoid Governor's policy announcement