Top

'കൊച്ചുങ്ങളേ, ഈ വീട് പൂട്ടാന്‍ പോകുകയാണെന്ന് പറഞ്ഞു'; ജപ്തി നടപടി സമയത്ത് വീട്ടില്‍ ആരുമില്ലെന്ന് കോട്ടമുറിക്കല്‍

'എംഎല്‍എ ഒരുക്കി നിര്‍ത്തിയ ഒരു കൂട്ടം അക്രമി സംഘവും കൊലവിളിയും'

3 April 2022 6:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചുങ്ങളേ, ഈ വീട് പൂട്ടാന്‍ പോകുകയാണെന്ന് പറഞ്ഞു; ജപ്തി നടപടി സമയത്ത് വീട്ടില്‍ ആരുമില്ലെന്ന് കോട്ടമുറിക്കല്‍
X

കൊച്ചി: മൂവാറ്റുപുഴയില്‍ ദളിത് കുടുംബത്തിന്റെ വീട് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്യുന്ന സമയത്ത് വീട്ടില്‍ ആരുമില്ലായിരുന്നുവെന്ന് ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍. ബാങ്ക് പ്രതിനിധികള്‍ എത്തിയപ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കടലാസ് ജോലികള്‍ തുടങ്ങിയപ്പോള്‍ തൊട്ടടുത്തുള്ള അമ്മ വീട്ടില്‍ നിന്നും കുട്ടികളും മുതിര്‍ന്ന സ്ത്രീയും വന്നു. ഇവരോട് വീട് പൂട്ടാന്‍ പോകുകയാണെന്നും എടുക്കാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ആവാമെന്ന് അറിയിച്ചിരുന്നുവെന്നും ഗോപി കോട്ടമുറിക്കല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ക്യാമറ വാങ്ങാനായാണ് കുട്ടികളുടെ പിതാവ് അജേഷ് വായ്പ എടുത്തത്. 1,81,255 ഇപ്പോള്‍ കുടിശ്ശികയുണ്ട്. ഇത് ചെറിയ തവണകളായി അടച്ചു തീര്‍ക്കുവാന്‍ ബാങ്കിലെ ജീവനക്കാര്‍ ക്ഷമാപൂര്‍വ്വം നിരവധി പരിശ്രമങ്ങള്‍ നടത്തി. ഇതെല്ലാം പരാജയപ്പെട്ട ശേഷം പ്രതീകാത്മക ജപ്തി നടപടിയും സ്വീകരിച്ചു. ഇങ്ങനെയൊരു സൂചന കണ്ടാല്‍ കൂടുതല്‍ പേരും കുറച്ച് കാശ് അടച്ച് അവധി കൂട്ടിവാങ്ങാറാണ് പതിവെന്നും ഇത്തരത്തില്‍ ഒരു നീക്കവും അജേഷിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാര്‍ എത്ര തവണ ശ്രമിച്ചിട്ടും ഇയാളെ നേരില്‍ കാണാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് സിജെഎം കോടതിയില്‍ സര്‍ഫാസി നിയമപ്രകാരമുള്ള നടപടികള്‍ക്ക് കോടതി അപേക്ഷിക്കുന്നതും ഉത്തരവ് ലഭിക്കുന്നതും. ഇക്കാര്യം ഒരാഴ്ച മുമ്പ് മൂവാറ്റുപുഴ പൊലീസിനെ അറിയിച്ചു. ഇങ്ങനെയാണ് ഒരു വനിതാ പൊലീസടക്കം രണ്ട് പൊലീസുദ്യോഗസ്ഥരേയും കോടതി പ്രതിനിധിയേയും ബാങ്കിന്റെ ജീവനക്കാരിയേയും അയക്കുന്നത്. ജപ്തി നടപടി ആരംഭിച്ചപ്പോഴൊന്നും ഗൃഹനാഥന്‍ ആശുപത്രിയിലാണെന്ന് ആരും അറിയിച്ചില്ല. വൈകീട്ട് എംഎല്‍എ മാത്യൂ കുഴല്‍നാടനും കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തി കപട നാടകം കളിച്ചു. എംഎല്‍എ ഭീകരമായ പ്രസ്താവനകള്‍ നടത്തുകയും കുട്ടികളെ ബലം പ്രയോഗിച്ച് ഇറക്കിയ കഥ ഞെട്ടലോടെ വിശദീകരിക്കുകയും ചെയ്യുന്നു. ഇതറിഞ്ഞ ബാങ്കിലെ രണ്ട് വനിതാ ജീവനക്കാര്‍ താക്കോല്‍ തിരികെ വീട്ടുകാരെ ഏല്‍പ്പിക്കാന്‍ നെട്ടോട്ടം ഓടുന്നു. അവിടെ ചെന്ന് പെട്ടിരുന്നെങ്കില്‍ അവര്‍ രണ്ട് പേര്‍ക്കും എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും കേരളാ ബാങ്ക് ചെയര്‍മാന്‍ കൂടിയായ ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.

ഗോപി കോട്ടമുറിക്കലിന്റെ പ്രതികരണം:

മുവാറ്റുപുഴ അര്‍ബന്‍ ബാങ്കും ഒരു സര്‍ഫെസി നടപടിയും

പേഴാക്കപ്പിള്ളി ബ്രാഞ്ച് അവിടെയുള്ള ഒരു വ്യക്തിക്ക് ഒരു ക്യാമറ വാങ്ങാന്‍ 31/8/2017 ല്‍ ആണ് ഒരു വായ്പ നല്‍കുന്നത്. ഒരു ലക്ഷത്തി എണ്‍പതോരായിരത്തി ഇരുന്നൂറ്റി അമ്പത്ത ഞ്ചു രൂപ ഇപ്പോള്‍ ബാങ്കിന് അടക്കേണ്ടതുണ്ട്. ഇത് തിരിയെ കുറേശ്ശേ അടച്ചു തീര്‍ക്കുവാന്‍ ബാങ്കിലെ ജീവനക്കാര്‍ ക്ഷമാ പൂര്‍വം നിരവധി പരിശ്രമങ്ങള്‍ നടത്തി. ഇതെല്ലാം പരാജയപ്പെട്ടതിനു ശേഷം ഒരു symbolic നടപടി 24/2/2022 ല്‍ നടത്തി നോക്കി. സാധാരണ ഇങ്ങനെ ഒരു സൂചന കണ്ടാല്‍ 99% പേരും ബാങ്കില്‍ വന്നു എന്തെങ്കിലും കുറച്ചു പൈസ അടച്ചു ഒരു അപേക്ഷയും തന്നു അവധി പറഞ്ഞു പോകാറാണുള്ളത്.

ഇദ്ദേഹം ആവട്ടെ തിരിഞ്ഞു നോക്കാന്‍ തയ്യാറായില്ല. എത്രയോ വട്ടം ജീവനക്കാര്‍ പോയി നോക്കിയിട്ടും ആളെ കാണാന്‍ പറ്റാറില്ല. ഈ സാഹചര്യത്തില്‍ ആണ് ബഹു സിജെഎം കോടതിയില്‍ സര്‍ഫെസി നിയമപ്രകാരമുള്ള നടപടിക്കു ബാങ്ക് അപേക്ഷിക്കുന്നത്. ബഹു. കോടതി ഉത്തരവ് നല്‍കി.

ഇക്കാര്യം ഒരു ആഴ്ച മുമ്പ് ബാങ്ക് മുവാറ്റുപുഴ പോലീസിനെ അറിയിച്ചു. അങ്ങനെ ആണ് പോലീസു 2 പേരെ ( ഒരു വനിതയും ഒരു പുരുഷനും ) കോടതിയുടെ പ്രതിനിധിയുടെയും ബാങ്കിന്റെ ജീവനക്കാരിയുടെയും കൂടെ അയച്ചത്. ഇവര്‍ ആ വീട്ടില്‍ രാവിലെ 11.30 നു എത്തി. ആ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീട് അടഞ്ഞു കിടന്നിരുന്നു. അവിടെയിരുന്നു കടലാസ് ജോലികള്‍ തുടങ്ങിയപ്പോഴേ തൊട്ടടുത്തുള്ള അമ്മ വീട്ടില്‍ നിന്നും ഈ വീട്ടിലെ പെണ്‍കുട്ടികളും ഒരു മുതിര്‍ന്ന സ്ത്രീയും കടന്നുവന്നു.

ബാങ്കിന് വേണ്ടി ചെന്നവര്‍ കുട്ടികളോട് പറഞ്ഞു 'കൊച്ചുങ്ങളെ അകത്തു നിന്നും നിങ്ങള്‍ക്കു എന്തെങ്കിലും എടുക്കാനുണ്ടെങ്കില്‍ എടുത്തോളൂ, ഞങ്ങള്‍ ഈ വീട് പൂട്ടാന്‍ പോവുകയാണ്.' കുട്ടികള്‍ കുറച്ചു പുസ്തകങ്ങളും സ്‌കൂള്‍ ബാഗും എടുത്തു പുറത്തു കിടന്ന ബെഞ്ചില്‍ വെച്ചു. ഈ സമയത്തൊന്നും ഒരാളും ഗൃഹ നാഥന്‍ ആശുപത്രിയില്‍ ആണെന്നോ എവിടെ പോയെന്നോ പറയുന്നില്ല. എല്ലാ എഴുത്തു കുത്തും പൂര്‍ത്തിയാക്കി വീട് പൂട്ടി താക്കോലുമായി നടപടിക്കായി പോയവര്‍ മടങ്ങിപോന്നു. ഉച്ചക്ക് 2.05 ന് ഉള്ളില്‍ ആണ് ഇത്രയും കാര്യങ്ങള്‍ നടക്കുന്നത്.

വൈകിട്ട് എംഎല്‍എ മാത്യു കുഴല്‍നാടനും കുറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തി. പിന്നീടുണ്ടായ കപട നാടകം ജനങ്ങള്‍ കണ്ടു. എംഎല്‍എ ഭീകരമായ പ്രസ്താവന കള്‍ നടത്തുന്നു. കുട്ടികളെ ബലം പ്രയോഗിച്ചു ഇറക്കിയ കഥ ഒരു ഞെട്ടലോടെ വിശദീകരിക്കുന്നു. ഇതിനിടയില്‍ ആരോ പറഞ്ഞറിയുന്നു 'ഗൃഹനാഥന്‍ ഗുരുതര അസുഖത്താല്‍ ആശുപത്രിയില്‍ ആണെന്ന്'. ബാങ്കില്‍നിന്നും 2 വനിതാ ജീവനക്കാര്‍ ഒരു ഓട്ടോ സങ്കടിപ്പിച്ച് താക്കോല്‍ വീട്ടുകാരെ തിരിയെ ഏല്പിക്കാന്‍ നെട്ടോട്ടം ഓടുന്നു. അവിടെ ചെന്ന് പെട്ടിരുന്നെങ്കില്‍ അവര്‍ രണ്ട് പേര്‍ക്ക് എന്തു സംഭവിക്കുമെന്ന് പറയാന്‍ ആവുമായിരുന്നില്ല.

എംഎല്‍എ ഒരുക്കി നിര്‍ത്തിയ ഒരു കൂട്ടം അക്രമി സംഘവും കൊലവിളിയും. അവര്‍ പ്രാണനും കൊണ്ടു തിരിയെ പോന്നു. താക്കോല്‍ പോലീസ് സ്റ്റേഷനില്‍ ഏല്പിച്ചു. സര്‍ഫെസി നിയമപ്രകാരം കോടതി എടുത്ത നടപടിയെ ഒരു ചുറ്റിക കൊണ്ടു തല്ലി തകര്‍ത്ത നടപടി നിയമപരമായി ശരിയാണോ? വാതിലുകള്‍ തകര്‍ത്ത ആ വീട്ടില്‍ ആ പെണ്‍കുട്ടികള്‍ തനിയെ കഴിച്ചു കൂട്ടുമോ? അവരുടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ ആണെന്ന് എംഎല്‍എ പറഞ്ഞുള്ള അറിവാണ് നമുക്കുള്ളത്.

ബാങ്കില്‍ നിന്നും വായ്പ വാങ്ങുന്നവര്‍ തിരിച്ചടക്കാതിരിക്കാന്‍ എംഎല്‍എ കാണിച്ച ഈ മാതൃക സഹകരികളായ കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ക്കു അംഗീകരിക്കാന്‍ ആവമോ? ചെറിയ വായ്പക്കു നടപടി വേണോ? ഒഴിവാക്കി കൊടുത്തു കൂടെ? നൂറു കണക്കിന് ഇതുപോലുള്ള ചെറിയ വായ്പ്പ എന്തടിസ്ഥാനത്തില്‍, ഏതു നിയമത്തിന്റെ ബലത്തില്‍ നമുക്ക് വേണ്ടെന്നു വെക്കാന്‍ ആവും? വളരെ ബാലിശമായിപ്പോയി എംഎല്‍എ നിങ്ങളുടെ കോപ്രായങ്ങളും ജല്പനങ്ങളും. കേരളാ ബാങ്ക് എന്ന് എംഎല്‍എ അറിയാതെ പറയുന്നതല്ല. ഇത് നിലവാരം ഒട്ടുമില്ലാത്ത രാഷ്ട്രീയ വേലത്തരം ആണ്. നന്നായി ആലോചിക്കുമല്ലോ.

STORY HIGHLIGHTS: Gopi Kottamurikkal says that no one was at home during the foreclosure proceedings

Next Story