Top

ബാലുശ്ശേരി ആക്രമണം; കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി

24 Jun 2022 3:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബാലുശ്ശേരി ആക്രമണം; കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി
X

കോഴിക്കോട്: ബാലുശ്ശേരിയിൽ ‍ഡിവൈഎഫ്ഐ പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. തിരുവോട് സ്വദേശികളായ മുഹമ്മദ്‌സാലി, മുഹമ്മദ്‌ ഇജാസ് തുടങ്ങിയവരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തിയേക്കും. സംഭവത്തിൽ 29 പേ‍ർക്കെതിരെയാണ് ബാലുശേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

രാഷ്ട്രീയവിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് എഫ്‌ഐആറിൽ പറയുന്നു. അക്രമിസംഘം ജിഷ്ണുവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചെന്നും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചെന്നും എഫ്‌ഐആറിലുണ്ട്. കസ്റ്റഡിയിൽ ഉളളവരുടെ രാഷ്ട്രീയ ബന്ധം പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മറ്റ് പ്രതികൾക്കായി അന്വേഷണം ഊ‍ർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ഡിവൈഎഫ്‌ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. 12 മണി മുതൽ മൂന്നര വരെ സംഘം തന്നെ മർദ്ദിച്ചെന്നാണ് ജിഷ്ണു പറഞ്ഞത്. എസ് ഡി പി ഐ, ലീഗ് ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. മുഖത്തും കണ്ണിനും സാരമായി പരുക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തെക്കുറിച്ച് ജിഷ്ണു പറഞ്ഞത്:

''സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലെ സത്യവസ്ഥ എന്താണെന്ന് നിങ്ങൾ മനസിലാക്കണം. ഇന്നലെ 12 മണി മുതൽ മൂന്നര വരെ എസ്ഡിപിഐ-ലീഗ് പ്രവർത്തകർ മർദിച്ചു. ഇന്നലെ എന്റെ ബെർത്ത് ഡേയായിരുന്നു. കേക്ക് വാങ്ങി രാത്രി കട്ട് ചെയ്യണം. സുഹൃത്തിന്റെ വീട്ടിലേക്ക് പോയതാണ്. കൂട്ടാൻ വേണ്ടിയിട്ട്.''

''അവിടെ എത്തി ബൈക്ക് നിർത്തിയപ്പോൾ മൂന്ന് പേർ പാലോളി മുക്കിൽ നിന്ന് താഴേക്ക് വന്നു. എന്താ പരിപാടിയെന്ന് ചോദിച്ചു. ഫ്രണ്ടിനെ കാത്ത് നിൽക്കുകയാണെന്ന് പറഞ്ഞു. അപ്പോൾ നടുവിൽ നിന്ന ആൾ, പേര് അറിയില്ല, കണ്ടാൽ അറിയാം, അയാൾ ചാടി വീണ് വണ്ടിയുടെ കീ എടുത്ത് പോക്കറ്റിലിട്ടു. തരാൻ പറഞ്ഞപ്പോൾ സൗകര്യമില്ലെന്ന് പറഞ്ഞു. ചാവി വേണമെങ്കിൽ താഴേക്ക് വരണമെന്ന് പറഞ്ഞു. വീട്ടിലെ വണ്ടിയായത് കൊണ്ട് ന്യൂട്രലാക്കി താഴേക്ക് പോയി. അലേക എത്തിയപ്പോൾ ഉള്ളിൽ നിന്ന് അഞ്ച് ചെക്കൻമാർ, കണ്ടാൽ അറിയാം, രണ്ട് പേരുടെ പേരും അറിയാം. എല്ലാവരും കൂടി ചാടി വീണു, ആദ്യത്തെ മൂന്നു പേരും ഈ അഞ്ച് പേരും കൂടി വളഞ്ഞിട്ട് ചോദിച്ചു, പ്രദേശത്തെ എസ്ഡിപിഐയുടെയും ലീഗിന്റേയും കൊടിമരങ്ങൾ നശിപ്പിക്കുന്നത് ആരാണെന്ന്. അറിയില്ലെന്ന് പറഞ്ഞു. അപ്പോൾ അവർ തിരിച്ച് പറഞ്ഞു, അറിയില്ലെങ്കിൽ ഞങ്ങൾ പറഞ്ഞ് തരാം. ഞങ്ങൾ പറയുന്നത് പോലെ തന്നെ പറയണമെന്ന്. അല്ലെങ്കിൽ അനുഭവിക്കുമെന്ന് പറഞ്ഞു. ആദ്യം കാര്യമാക്കിയില്ല.''

''അറിയില്ലെങ്കിൽ പറഞ്ഞു തരാം, നിന്റെ പാർട്ടി നേതാക്കളും ബ്രാഞ്ച് സെക്രട്ടറിയുമാണ് കീറിയതെന്ന് പറയണം. വീഡിയോ ഓൺ ചെയ്യുമ്പോൾ ഇങ്ങനെ തന്നെ പറയണമെന്നും ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ വയലിലെ ചളിയിലേക്ക് തല പിടിച്ച് താഴ്ത്തുകയും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് കഴുത്തിൽ കത്തി വച്ച് പാർട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചു. വന്നവരിൽ ചിലർ എസ്ഡിപിഐ പ്രവർത്തകരാണ്. ലീഗ് നേതാവ് പറഞ്ഞപ്പോഴാണ് ഇക്കാര്യം മനസിലായത്. കയ്യിലും കാലിനും തലക്കും കല്ലുകൊണ്ട് അടിച്ചു. പൊലീസെത്തിയാണ് മോചിപ്പിച്ചത്. എന്നാൽ പൊലീസിനെയും അവർ ഭീഷണിപ്പെടുത്തി. മർദിച്ച ആളുകളെ കണ്ടാൽ തിരിച്ചറിയും. ചിലർ നാട്ടിലുളളവരാണ് മറ്റുചിലർ പുറത്ത് നിന്നും എത്തിയവരാണ്''.

story highlights: five under custody in balussery mob attack case

Next Story