Top

'ജലീല്‍ പഴയ സിമി നേതാവ്'; രാജ്യവിരുദ്ധത മാത്രം പ്രതീക്ഷിച്ചാല്‍ മതിയെന്ന് കെ.സുരേന്ദ്രന്‍

''മുഴുവന്‍ കാശ്മീരും ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന് 1994ല്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയതാണെന്ന് സുരേന്ദ്രന്‍.

12 Aug 2022 12:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജലീല്‍ പഴയ സിമി നേതാവ്; രാജ്യവിരുദ്ധത മാത്രം പ്രതീക്ഷിച്ചാല്‍ മതിയെന്ന് കെ.സുരേന്ദ്രന്‍
X

ആസാദ് കാശ്മീര്‍ എന്ന കെടി ജലീലിന്റെ പരാമര്‍ശം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പഴയ സിമി നേതാവായ കെടി ജലീലില്‍ നിന്നും ഇന്ത്യാവിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത ജലീലിന് എംഎല്‍എയായി തുടരാന്‍ സാധിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

''പാക്ക് അധീന കാശ്മീരിനെ കുറിച്ച് ആസാദ് കാശ്മീര്‍ എന്ന ജലീലിന്റെ പരാമര്‍ശം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരാണ്. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത ജലീലിന് ഒരു നിമിഷം പോലും എംഎല്‍എയായി തുടരാനാവില്ല. ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ എന്ന പ്രയോഗം പാക്കിസ്ഥാന്റേതാണ്. ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണം. സൈന്യത്തിനെതിരെയും ജലീല്‍ തന്റെ പോസ്റ്റില്‍ പറയുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ചരിത്രത്തെ വികലമാക്കുകയാണ് ജലീല്‍ ചെയ്യുന്നത്.''

''കാശ്മീരിന്റെ ഒരു ഭാഗം പാക്കിസ്ഥാന്‍ അനധികൃതമായി പിടിച്ചെടുത്തതാണ്. മുഴുവന്‍ കാശ്മീരും ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന് 1994ല്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയതാണ്. ഭരണഘടനാ വിരുദ്ധമായ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഐഎം നിലപാട് വ്യക്തമാക്കണം.''-സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

'പാകിസ്താനോട് ചേര്‍ക്കപ്പെട്ട ഭാഗം ആസാദ് കശ്മീര്‍', 'ഇന്ത്യന്‍ അധീന കശ്മീര്‍'; ജലീലിന്റെ പരാമര്‍ശം വിവാദത്തില്‍

പാക് അധീന കശ്മീരിനെ 'ആസാദ് കശ്മീര്‍' എന്നും ഇന്ത്യയോട് ചേര്‍ന്ന ഭാഗത്തെ ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍. കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം ജലീല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെ പരാമര്‍ശമാണ് വിവാദമായത്.

പാകിസ്താന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണിത്. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്താന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തമായി സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നുവെന്നും കെ ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

സിയാഉല്‍ ഹഖ് പാകിസ്താന്‍ പ്രസിഡന്റായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്താന്‍ സര്‍ക്കാരിന് ഭരണപരമായി പാക് അധീന കശ്മീരില്‍ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം. ജമ്മുവും, കാശ്മീര്‍ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് 'ഇന്ത്യന്‍ അധീന ജമ്മു കാശ്മീര്‍'. കശ്മീരിന്റെ 90% ഭൂപ്രദേശത്തും ജനവാസമില്ല. പ്രധാനപ്പെട്ട ജനവാസകേന്ദ്രം കശ്മീര്‍ വാലിയാണെന്നും കെ ടി ജലീല്‍ കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.

രാജ്യവിഭജന കാലത്ത് കശ്മീരും രണ്ടായി പകുത്തു. ഇരു കാശ്മീരുകള്‍ക്കും സ്വയം നിര്‍ണ്ണയാവകാശം ബ്രിട്ടീഷുകാര്‍ നല്‍കിയിരുന്നു. ഷെയ്ഖ് അബ്ദുല്ലയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നാട്ടുകാരും ഇന്ത്യയോട് ചേര്‍ന്നു. അതിനുള്ള സമ്മാനമെന്നോണം പണ്ഡിറ്റ് നഹറു അവര്‍ക്ക് നല്‍കിയ സമ്മാനമാണ് പ്രത്യേക പദവി. അതവരുടെ സമ്മതം കൂടാതെ ദൂരെക്കളഞ്ഞതില്‍ ജനങ്ങള്‍ ദുഃഖിതരാണെന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.

Next Story