അഫീലയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം; ബന്ധുക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശവും മര്‍ദന ചിത്രങ്ങളും റിപ്പോര്‍ട്ടറിന്
ഭര്‍തൃപീഡനം കൊണ്ടാണ് അഫീലയുടെ മരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
1 July 2022 1:25 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലപ്പുറം സ്വദേശിയായ അഫീലയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഭര്‍തൃപീഡനം കൊണ്ടാണ് അഫീലയുടെ മരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ മാസം 11നാണ് കുറ്റിപ്പുറം രാങ്ങാട്ടൂര്‍ സ്വദേശി അഫീലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഫീല കരഞ്ഞുകൊണ്ട് ബന്ധുക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശവും മര്‍ദനമേറ്റ നിലയിലുള്ള ചിത്രങ്ങളും റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നുണ്ടെന്നാണ് ശബ്ദ സന്ദേശത്തില്‍ അഫീല വ്യക്തമാക്കുന്നത്. കടലുണ്ടി സ്വദേശിയായ ഭര്‍ത്താവിന്റെ ഉപദ്രവം നാലു വയസ്സുകാരനായ ആണ്‍കുട്ടിക്ക് മുന്നില്‍ വച്ചായിരുന്നെന്നും ശബ്ദ സന്ദേശത്തിലുണ്ട്.
എട്ടുവര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇതിനിടെ ഉണ്ടായ ചില തര്‍ക്കങ്ങള്‍ നാട്ടുകാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കി. പിന്നീട് കഴിഞ്ഞ മാര്‍ച്ചിലാണ് അഫീലയെ ഭര്‍ത്താവ് ഗള്‍ഫിലേക്ക് കൊണ്ടുപോകുന്നത്. ആദ്യ ഒരു മാസം പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ശാരീരിക പീഡനങ്ങള്‍ ആരംഭിച്ചു. പീഡനത്തെ തുടര്‍ന്ന് തനിക്കുണ്ടായ പരുക്കുകള്‍ യുവതി ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു. കടുത്ത പീഡനമാണ് തനിക്ക് ഉണ്ടായതെന്ന് ഓഡിയോ സന്ദേശത്തിലൂടെയും യുവതി പങ്കുവച്ചു. ഇതിനു തൊട്ടുപിന്നാലെയായിരുന്നു ദുരൂഹമരണം.
ആദ്യം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും പിന്നീട് മരിച്ച നിലയില്‍ ശുചിമുറിയില്‍ കാണപ്പെടുകയായിരുന്നു എന്നും ഭര്‍ത്താവ് മൊഴി നല്കി. ഇതാണ് ദുരൂഹത വര്‍ധിക്കാന്‍ കാരണമായത്.
നാട്ടിലെത്തിച്ച മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. ഭര്‍തൃപീഡനം മൂലം നടന്ന അസ്വാഭാവിക മരണമാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ കുറ്റിപ്പുറം എസ് എച്ച്ഒയ്ക്കാണ് അന്വേഷണച്ചുമതല.
- TAGS:
- Kerala