
മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ഗുണ്ടാ ആക്രമണം. 27കാരിയായ സ്‌നേഹാ ബാര്‍വയേ ഗുരുതര പരിക്കോടെ ചികിത്സയില്‍ തുടരുകയാണ്. അനധികൃതമായി ഭൂമി കയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് വാര്‍ത്തയാക്കിയതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നാണ് വിവരം. പൂനെയിലെ അംബേഗാവ് താലൂക്കിലെ നിഗോട്ട്വാടി ഗ്രാമത്തിലാണ് ഭൂമി കയ്യേറ്റവും അനധികൃതമായി ടിന്‍ ഷെഡുകള്‍ നിര്‍മിക്കുകയും ചെയ്തത്. ഇതിനെതിരെ വാര്‍ത്ത നല്‍കിയ സ്‌നേഹയെ കമ്പികള്‍ കൊണ്ടാണ് ആക്രമിച്ചത്. തലയ്ക്കും ശരീരത്തിന് പിന്നിലും കൈകള്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ജൂലൈ നാലിനാണ് ആക്രമണമുണ്ടായത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വീഡിയോയില്‍ നിലത്തുവീണ സ്‌നേഹയെ കുറേയേറെ ആളുകള്‍ കൂട്ടംകൂടി മര്‍ദിക്കുന്നതാണ് കാണുന്നത്. നദീതീരത്തിന് സമീപമുള്ള സ്ഥലം ചില പ്രാദേശിക ഗുണ്ടകളാണ് കയ്യേറിയത്. സമര്‍ഥ് ഭാരത് എന്ന മാധ്യമത്തില്‍ ജോലി ചെയ്യുന്ന സ്നേഹ ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തി. ഇതിനിടയില്‍ സ്‌നേഹയുടെ പിറകിലൂടെ എത്തിയവര്‍ അവരെ ആക്രമിച്ചു. പ്രദേശവാസികളാണ് സ്‌നേഹയെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പിതാവ് ദത്താത്രേയ ബാര്‍വേ പറയുന്നു.
സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇവര്‍ക്ക് പിന്നീട് ജാമ്യം കിട്ടി. പ്രധാന പ്രതിയായ പാണ്ഡൂരംഗ് മോര്‍വേ എന്നയാളെ മറ്റൊരു ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതിനാല്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ആരെയും ലക്ഷ്യമിട്ടോ ആക്ഷേപിച്ചോ ഒന്നും തന്നെ സ്‌നേഹ സംസാരിച്ചിട്ടില്ല. പ്രതികളിലൊരാളോട് സംഭവത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ട സമയം, മൈക്രോ ഫോണ്‍ തട്ടിപ്പറിക്കുകയും പിന്നാലെ ആക്രമിക്കുകയുമായിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവമാണ് സ്‌നേഹ. ആരൊക്കെ ഭീഷണിപ്പെടുത്തിയാലും മകള്‍ ധീരമായി തന്നെ മുന്നോട്ടു വരുമെന്ന് ദത്താത്രേയ ബാര്‍വേ പറയുന്നു.
69കാരനായ സുധാകര്‍ ബാബു റാവു കാലേയുടെ കൃഷിയിടവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. ഈ സ്ഥലം വിശ്വാസ് ഭീന്‍ഗാരി തോസര്‍ എന്ന ഗുണ്ടാനേതാവ് കയ്യേറാന്‍ ശ്രമിക്കുകയാണെന്നും ഇപ്പോള്‍ അത് നിയമകുരുക്കില്‍പ്പെട്ട് കിടക്കുകയാണെന്നും സുധാകര്‍ പറയുന്നു. കോടതിയില്‍ നിന്നും കേസ് പിന്‍വലിക്കണമെന്നും സുധാകര്‍ ഈ ഭൂമിയില്‍ കൃഷി ചെയ്യരുതെന്നുമാണ് വിശ്വാസിന്‍റെയും കൂട്ടാളികളുടെയും ഭീഷണി. കോടതിയില്‍ കേസ് നടക്കുമ്പോഴും ഭൂമിയില്‍ കരിമ്പ് കൃഷി ചെയ്യാന്‍ വിശ്വാസ് ശ്രമിച്ചിരുന്നു. ഇതിനെതിരെ വാര്‍ത്ത കൊടുക്കാനാണ് സ്‌നേഹ എത്തിയത്. ഇതാണ് അവരെ പ്രകോപിപ്പിച്ചതും.
Content Highlights: woman journalist attacked with rods while reporting a land grab in Pune