
വൻ സന്തോഷത്തിലാണ് സിനിമാപ്രേമികൾ, പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളെ കുറിച്ചുള്ള അപ്‌ഡേറ്റുകളാണ് ഈ ദിവസം അവരെ തേടിയെത്തിയത്. മലയാളത്തിലെ ഒട്ടേറെ ചിത്രങ്ങളുടെ ടൈറ്റിലും റിലീസ് ഡേറ്റും പുതിയ പോസ്റ്ററുകളുമടക്കം പല വിധത്തിലുള്ള അപ്‌ഡേറ്റുകളുമാണ് പുറത്തുവന്നത്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'കരം' എന്ന പുതിയ ചിത്രത്തിലൂടെയായിരുന്നു ഇതിന്റെ തുടക്കമെന്ന് വേണമെങ്കിൽ പറയാം. സ്ഥിരം പാറ്റേണിൽ നിന്നും മാറി ആക്ഷൻ ത്രില്ലർ ഴോണറിലാണ് വിനീതിന്റെ ഏഴാം ചിത്രം എത്തുന്നത്.
വൈശാഖ് സുബ്രമണ്യം നിർമിക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത് നോബിൾ ബാബു തോമസാണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. വിനീതിന്‍റെ ആദ്യ സംവിധാന ചിത്രമായ മലർവാടി ആർട്‌സ് ക്ലബിന്റെ 15ാം വാർഷികത്തിലായിരുന്നു പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് നടന്നത്. സെപ്റ്റംബർ 25നാണ് കരത്തിന്‍റെ റിലീസ്.
മലർവാടി കണക്ഷനുമായാണ് അടുത്ത ചിത്രത്തിന്റെയും അപ്‌ഡേറ്റ് എത്തിയത്. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് പുറത്തുവന്നത്. ചിത്രത്തിൽ നിവിൻ പോളി - അജു വർഗീസ് കോംബോ എത്തുന്നുണ്ട്. ഇരുവരും ഒന്നിക്കുന്ന പുതിയ പോസ്റ്ററാണ് പുറത്തുവന്നത്. പക്കാ ഫീൽഗുഡ് വൈബ് നൽകുന്ന പോസ്റ്ററാണ് ഇതെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
അൽത്താഫ് സലീമിന്റെ ഓടും കുതിര ചാടും കുതിരയുടെ വക ആയിരുന്നു അടുത്ത അപ്‌ഡേറ്റ്. ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതിയാണ് പുറത്തുവന്നത്. ഓഗസ്റ്റ് 29നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.
ഇതിനിടെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്ററുകളുമായി ഇന്ദ്രൻസും മീനാക്ഷി അനൂപും എത്തി. ഇരുവരുടെയും ക്യാരക്ടർ പോസ്റ്ററുകൾ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. മറ്റ് വിവരങ്ങളൊന്നും തന്നെ പങ്കുവെച്ചിട്ടില്ല.
മലയാളികൾക്കിടയിലും ഏറെ ആരാധകരുള്ള നെറ്റ്ഫ്‌ളിക്‌സിലെ ഇംഗ്ലിഷ് സീരിസാണ് കാത്തിരുന്ന അപ്‌ഡേറ്റുമായി പിന്നീട് രംഗപ്രവേശം ചെയ്തത്. സ്‌ട്രേഞ്ചർ തിംഗ്‌സിന്റെ ഫൈനൽ സീസൺ ടീസറാണ് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടിരിക്കുന്നത്. ഡിസംബർ 31 രാത്രിയാകും സീരിസിന്റെ സ്ട്രീമിംഗ് ആരംഭിക്കുക. ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നിനച്ചിരിക്കാതെ ഇത്രയും അപ്‌ഡേറ്റുകൾ ഒന്നിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് കാണികൾ. വെറുതെ പോവുകയായിരുന്ന ജൂലൈ 16നെ നല്ല കളർ ദിവസമാക്കിയല്ലോ എന്നാണ് സിനിമാപ്രേമികളുടെ കമന്റ്.
Content Highlights: Many movie updates comes together