
കൊച്ചി: ആലുവയിൽ ഭാര്യയുടെ വീട്ടിൽ കയറി ഭാര്യാ മാതാവിനെയും സഹോദരിയെയും ചുറ്റികകൊണ്ടടിച്ച് പരിക്കേൽപിച്ച് യുവാവ്. ആലുവ പൈപ് ലൈൻ റോഡിൽ റാബിയയുടെ ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി രാജീവാണ് ആക്രമണം നടത്തിയത്. ഓടിളക്കി വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ റാബിയയുടെ ഉമ്മ ഖദീജയും ഇളയസഹോദരി ഫാത്തിമയും ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് പുലർച്ചെ മൂന്നിനാണ് സംഭവം നടന്നത്. വീടിന്റെ ഓടിളക്കി അകത്തുകയറിയ രാജീവ് ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയുടെ ഇളയസഹോദരിയെ ചുറ്റികകൊണ്ടടിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ ഉമ്മ ഖദീജയ്ക്ക് നേരെ കത്തി വീശുകയും പിന്നാലെ ചുറ്റികകൊണ്ടടിക്കുകയുമായിരുന്നു. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി അയൽവാസികൾ ഓടിയെത്തിയതോടെ രക്ഷപ്പെടുകയായിരുന്നു. പ്രതി രാജീവിനെതിരെ അന്വേഷണം ആരംഭിച്ചു.
രാജീവിന്‍റെ ഭാര്യ റാബിയ വീട്ടിലുണ്ടായിരുന്നില്ല. ഇവർ കോഴിക്കോടാണ് ജോലി ചെയ്യുന്നത്. ലഹരിക്കടിമയും ലൈംഗിക വൈകൃതവുമുള്ളയാളുമാണ് രാജീവെന്നും കൊല്ലാൻ ലക്ഷ്യമിട്ടാണ് എത്തിയതെന്നും കുടുംബം ആരോപിച്ചു. ആക്രമിക്കാൻ ഉപയോഗിച്ച ചുറ്റികയും രാജീവിന്‍റെ ഫോണും വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
നാല് വർഷം മുൻപാണ് റാബിയയും രാജീവും വിവാഹിതരായത്. കഴിഞ്ഞ ഒന്നര വർഷമായി രാജീവുമായി അകന്നുകഴിയുകയായിരുന്നു റാബിയ. എട്ട് മാസം മുൻപ് വിവാഹ മോചനക്കേസ് നൽകിയതോടെ രാജീവിൽനിന്നുണ്ടായ രണ്ടാമത്തെ ആക്രമണമാണിതെന്നും കുടുംബം പറഞ്ഞു.
Content Highlight : Husband hit mother-in-law and sister with hammer and injured