Top

'ഒരു വിഭാഗം സ്ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നു;' ദുര്‍ഗാദാസിനെ മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ പദവിയില്‍ നിന്നും നീക്കി

സ്ഥാനത്തു നിന്നും നീക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു

5 May 2022 11:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു വിഭാഗം സ്ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നു; ദുര്‍ഗാദാസിനെ മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ പദവിയില്‍ നിന്നും നീക്കി
X

തിരുവനന്തപുരം: ഹിന്ദു മഹാസമ്മേളനത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനെക്കുറിച്ചുള്ള അധിക്ഷേപ പ്രസംഗം നടത്തിയ ദുര്‍ഗാദാസിനെ ഖത്തര്‍ മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ പദവിയില്‍ നിന്നും നീക്കി. ഖത്തര്‍ മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ പദവി ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതായി മലയാളം മിഷന്‍ അറിയിച്ചു. ദുര്‍ഗാദാസിന്റെ പ്രസ്താവനകള്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അല്ലെന്നും തൊഴില്‍ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഒരു വിഭാഗം സ്ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതാണ് ഇതിലെ ഒരു പരാമര്‍ശമെന്നും മിഷന്‍ ചൂണ്ടിക്കാട്ടി.

സ്ഥാനത്തു നിന്നും നീക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഖത്തര്‍ മലയാളം മിഷന്‍ പ്രസിഡന്റ്, മറ്റ് വിവിധ ചാപ്റ്ററുകളില്‍, വിവിധ മാധ്യമ വാര്‍ത്തകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട പുറത്താക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.

തീവ്ര ക്രിസ്ത്യന്‍ സംഘടനയായ സംഘടനായ 'കാസ' സംസ്ഥാന പ്രസിഡന്റ് കെവിന്‍ പീറ്ററും ഹിന്ദു മഹാസമ്മേളനത്തിന്റെ സംഘാടകരില്‍ ഒരാളായ അഡ്വ. കൃഷ്ണരാജും രാജേഷ് നാഥനും പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്തായിരുന്നു മലയാളം മിഷന്‍ ഖത്തര്‍ കോര്‍ഡിനേറ്ററായ ദുര്‍ഗാദാസ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. സദസ്സിന്റെ ഭാഗമായി കാസ നേതാവ് കെവിന്‍ പീറ്ററിനോട് ചോദ്യമെന്ന രീതിയിലായിരുന്നു ദുര്‍ഗാദാസ് വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനെ അധിക്ഷേപിച്ചത്.

ഗള്‍ഫ് രാജ്യങ്ങളിലാണ് ഇന്ത്യയിലേക്കാള്‍ കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നതെന്നും റിക്രൂട്ട്‌മെന്റ് എന്ന പേരില്‍ തീവ്രവാദികള്‍ക്കുള്ള ലൈംഗിക സേവയ്ക്കായി നഴ്‌സുകളെ കൊണ്ടുപോകുന്നു എന്നുമായിരുന്നു ദുര്‍ഗാദാസിന്റെ പ്രസ്താവന. ഹിന്ദു കുടുംബത്തിലെ കുട്ടികളെ സനാതന ധര്‍മ്മത്തില്‍ വളര്‍ത്താന്‍ ന്യൂനപക്ഷ വകുപ്പിന്റെ മാതൃകയില്‍ സംവിധാനം ആവശ്യമാണെന്നും ഇയാള്‍ ആവശ്യപ്പെടുന്നു.

ഹിന്ദു മഹാസമ്മേളനത്തില്‍ മികച്ച സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് കേന്ദ്രമന്ത്രി വി മുരളീധരനില്‍ നിന്നും ഇയാള്‍ക്ക് സമ്മാനിച്ചിരുന്നു.

STORY HIGHLIGHTS: Durgadas removed from the post of Malayalam Mission Coordinator

Next Story