Top

പി കൃഷ്ണപിള്ളയുടെ ശിഷ്യന്‍; ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി, പാര്‍ട്ടിക്കൊപ്പം വളര്‍ന്ന ബെര്‍ലിന്‍

പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ബാലസംഘത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ച അദ്ദേഹം 1943ല്‍ ജാപ്പ് വിരുദ്ധ ബാലസംഘം എന്ന പേരില്‍ ജപ്പാനെതിരേ പ്രചാരണം നടത്തി

8 Aug 2022 2:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പി കൃഷ്ണപിള്ളയുടെ ശിഷ്യന്‍; ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി, പാര്‍ട്ടിക്കൊപ്പം വളര്‍ന്ന ബെര്‍ലിന്‍
X

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് സ്‌കൂള്‍ കാലഘട്ടത്തിലാണ്. കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ കുഞ്ഞനന്തന്‍ പിന്നീട് കമ്മ്യൂണിസ്റ്റ് ആശയ പ്രചരണത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ പി കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബാലസംഘത്തിന്റെ ആദ്യ രൂപമായ ബാലഭാരതസംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് കൃഷ്ണപിള്ള കുഞ്ഞനന്തനെ നിര്‍ദ്ദേശിച്ചതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവ്. 1938ല്‍ കല്യാശേരിയിലാണ് ബാലഭാരതസംഘം രൂപം കൊള്ളുന്നത്.

1942 ലാണ് കുഞ്ഞനന്തന് പാര്‍ട്ടി അംഗത്വം ലഭിക്കുന്നത്. പിന്നീട് 1943 മേയ് മാസത്തില്‍ ബോംബെയില്‍ വെച്ചു നടന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പ്രതിനിധിയാകുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 17 വയമാത്രമായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ബാലസംഘത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ച അദ്ദേഹം 1943ല്‍ ജാപ്പ് വിരുദ്ധ ബാലസംഘം എന്ന പേരില്‍ ജപ്പാനെതിരേ പ്രചാരണം നടത്തി. 1945-46 കാലഘട്ടത്തില്‍ ബോംബെയില്‍ രഹസ്യമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തി. 1948ല്‍ കൊല്‍ക്കത്തയിലും 1953 മുതല്‍ 58 വരെ ഡല്‍ഹി കേന്ദ്ര കമ്മിറ്റി ഓഫീസിലും പ്രവര്‍ത്തിച്ച ബെര്‍ലിന്‍ കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐഎമ്മിനൊപ്പം നില്‍ക്കുകയായിരുന്നു.

സൈനികരെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാക്കാനായി, സൈനിക ക്യാംപുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെറിയ ശാഖകള്‍ സ്ഥാപിക്കുവാന്‍ പാര്‍ട്ടി തീരുമാനിക്കുകയും, അതിനു വേണ്ടി കുഞ്ഞനന്തനോട് സൈന്യത്തില്‍ ചേരാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെടുകയും ചെയ്തു. 1965 മുതല്‍ ബ്ലിറ്റ്‌സ് വാരികയുടെ യൂറോപ്യന്‍ ലേഖകനായി ബെര്‍ലിന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. ഇതോടെയാണ് 'ബെര്‍ലിന്‍' പേരിന്റെ ഭാഗമായത്

ദീര്‍ഘകാലം ജര്‍മ്മനിയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നാട്ടിലെത്തിയ ശേഷം സിപിഐഎമ്മിന്റെ പ്രാദേശിക ഘടകത്തില്‍ സജീവമായി. പക്ഷേ 2005 മാര്‍ച്ച് മൂന്നിനു അദ്ദേഹത്തിന്റെ പാര്‍ട്ടി ഘടകമായ നാറാത്ത് ബ്രാഞ്ച് കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളുടെയും എതിര്‍പ്പ് വകവെക്കാതെ മേല്‍കമ്മിറ്റി തീരുമാനപ്രകാരം കുഞ്ഞനന്തനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു.

ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവന്‍, ജനയുഗം പത്രങ്ങളിലും എഴുതിയ ബെര്‍ലിന്‍ അമേരിക്കന്‍ ചാരസംഘടനായ സിഐഎയുടെ ഒട്ടേറെ രാജ്യന്തര അട്ടിമറി ശ്രമങ്ങള്‍ പുറത്തുകൊണ്ടുവന്നു. സിഐഎയുടെ കുടിലതകള്‍ വിവരിക്കുന്ന 'പിശാചും അവന്റെ ചാട്ടുളിയും' എന്ന പുസ്തകം പ്രസിദ്ധം. കിഴക്കന്‍ ജര്‍മന്‍ സര്‍ക്കാരിന്റെ സ്റ്റാര്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫ്രന്‍ഡ്ഷിപ്പ് ഉള്‍പ്പെടെ നിരവധി ബഹുമതികളും പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Story highlights: Disciple of P. Krishnapilla; Berlin, who grew up with the party, was the youngest delegate to the First Party Congress


Next Story