Top

ദേശാഭിമാനി ഓഫീസ് ആക്രമണം; കെ.എം അഭിജിത്ത് അടക്കം 50 പേര്‍ക്കെതിരെ കേസ്

കല്‍പ്പറ്റ പൊലീസ് കെഎസ്.യു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

26 Jun 2022 10:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദേശാഭിമാനി ഓഫീസ് ആക്രമണം; കെ.എം അഭിജിത്ത് അടക്കം 50 പേര്‍ക്കെതിരെ കേസ്
X

ദേശാഭിമാനി വയനാട് ബ്യൂറോ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവായല്‍ അടക്കം 50ഓളം പേര്‍ക്കെതിരെ കേസ്. കല്‍പ്പറ്റ പൊലീസ് കെഎസ്.യു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

ഇന്നലെ വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം. കല്‍പ്പറ്റയില്‍ കോണ്‍ഗ്രസുകാര്‍ ദേശാഭിമാനി ഓഫീസിന് നേരെ കല്ലെറിഞ്ഞശേഷം അസഭ്യവിളികളോടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് സംബന്ധിച്ച് ദേശാഭിമാനി ലേഖകന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതിപക്ഷ നേതാവ് രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. പിന്നാലെയാണ് ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം നടന്നത്.

അതേസമയം, രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നും ആവര്‍ത്തിച്ചു. എന്തെല്ലാം പ്രശ്‌നങ്ങളുണ്ടെങ്കിലും അത്തരമൊരു അക്രമം ഉണ്ടാകാന്‍ പാടില്ലായിരുന്നു. അത് ജനങ്ങളില്‍ നിന്ന് നമ്മെ അകറ്റുകയാണു ചെയ്യുക. പാര്‍ട്ടി അംഗങ്ങള്‍ ആരെങ്കിലും എംപിയുടെ ഓഫീസ് ആക്രമിച്ചവരില്‍ ഉണ്ടെങ്കില്‍ ശക്തമായ സംഘടനാ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസുകാര്‍ അക്രമത്തെ തള്ളിപ്പറഞ്ഞിരുന്നില്ലെന്നും കോടിയേരി പറഞ്ഞു.

കല്‍പ്പറ്റയില്‍ കോണ്‍ഗ്രസുകാര്‍ ദേശാഭിമാനി ഓഫീസ് ആക്രമിച്ചത് എന്തിനെന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. അക്രമത്തില്‍ ജീവനക്കാര്‍ക്ക് പരുക്കേറ്റു. വയനാട് ബ്യൂറോ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയായ സ്ത്രീകളെയും കുട്ടികളെയും അക്രമികള്‍ പരിഭ്രാന്തരാക്കി. പത്രസമ്മേളനത്തില്‍ ചോദ്യങ്ങളൊന്നും വേണ്ട എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ചോദ്യങ്ങളെ ഭയക്കുകയല്ല പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്. ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസുകാര്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. കണ്ണൂരിലും കോട്ടയത്തും കോണ്‍ഗ്രസ് അക്രമം നടത്തി. പൊലീസിന് നേരെ വലിയ തോതിലുള്ള അക്രമമുണ്ടായി. നേതൃത്വത്തിന് അവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.

Next Story