Top

യൂറോപ്പ് സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി; വിവാദ സാഹചര്യത്തിൽ ഉടൻ മാധ്യമങ്ങളെ കാണും

15 Oct 2022 2:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂറോപ്പ് സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി; വിവാദ സാഹചര്യത്തിൽ ഉടൻ മാധ്യമങ്ങളെ കാണും
X

തിരുവനന്തപുരം: വിദേശ പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. പുലർച്ചെ 3.40ന് എമിറേറ്റ്‌സ് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം ക്ലിഫ് ഹൗസിലേക്കു മടങ്ങി. ബ്രിട്ടൻ സന്ദർശനത്തിൽ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോർജും പുലർച്ചെ മടങ്ങിയെത്തി. മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി, വി അബ്ദുറഹിമാൻ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ മടങ്ങിയെത്തിയിരുന്നു. ചീഫ് സെക്രട്ടറി വി പി ജോയ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിരിച്ചെത്തി.

കുടുംബ സമേതമുളള മുഖ്യമന്ത്രിയുടെ യാത്ര ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ കുടുംബത്തിന്റെ യാത്രാ ചെലവ് വഹിക്കുന്നത് സർക്കാർ അല്ലെന്നായിരുന്നു വിശദീകരണം. യൂറോപ്യൻ സന്ദർശനത്തിനു ശേഷം മുഖ്യമന്ത്രി ദുബായ് സന്ദർശിച്ചതും വിവാദത്തിനു വഴിയൊരുക്കിയിരുന്നു. ആദ്യം തീരുമാനിച്ച വിദേശ പര്യടനത്തിൽ ദുബായ് ഉൾപ്പെടുത്തിയിരുന്നില്ല. വിദേശ പര്യടനം വിവാദത്തിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി ഉടൻ തന്നെ മാധ്യമങ്ങളെ കാണും.

ഒക്ടോബർ നാലിനാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൊച്ചിയിൽ നിന്ന് നോർവേയിലേക്ക് പുറപ്പെട്ടത്. മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നത് മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്മാനുമാണ്. നോർവേ സന്ദർശനത്തിന് ശേഷം ബ്രിട്ടനിലേക്കായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. ബ്രിട്ടൻ സന്ദർശനത്തിൽ ആരോഗ്യമന്ത്രി വീണ ജോർജും അനുഗമിച്ചു.

STORY HIGHLIGHTS: Chief Minister Pinarayi Vijayan has returned after foreign visit

Next Story