Top

ലാവ്‌ലിന്‍ കേസ്; പരിഗണിക്കപ്പെടാതെ കാലതാമസം വരുത്തുന്നതില്‍ അന്വേഷണം നടത്തണമെന്ന് ബെന്നി ബെഹ്‌നാന്‍

5 Nov 2022 12:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലാവ്‌ലിന്‍ കേസ്; പരിഗണിക്കപ്പെടാതെ കാലതാമസം വരുത്തുന്നതില്‍ അന്വേഷണം നടത്തണമെന്ന് ബെന്നി ബെഹ്‌നാന്‍
X

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെടില്ലെന്ന് 2021 ഏപ്രിലില്‍ ഹര്‍ജിക്കാരനും എതിര്‍കക്ഷികളും ചേര്‍ന്ന് തീരുമാനിച്ച ശേഷവും കേസ് പരിഗണിക്കപ്പെടാതെ കാലതാമസം വരുത്തുന്നതില്‍ സുപ്രീം കോടതി റജിസ്ട്രാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ബെന്നി ബെഹ്‌നാന്‍ എംപി ആവശ്യപ്പെട്ടു. കോടതി തയ്യാറായിട്ടും ബെഞ്ചില്‍ വരാതെ ഒരു വര്‍ഷം താമസിപ്പിച്ച റജിസ്ട്രിയുടെ തീരുമാനം വിശദീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഈയിടെ നോട്ടീസ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബെന്നി ബെഹ്‌നാന്റെ ആവശ്യം.

എസ്എന്‍സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി 33ാം തവണയും മാറ്റിയിരുന്നു. ആറാഴ്ച കഴിഞ്ഞ് നവംബര്‍ അവസാനം പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചത്.

2018 ജനുവരിയില്‍ നോട്ടീസ് അയച്ച ശേഷം നാലരവര്‍ഷത്തിലേറെയായി കേസ് തുടര്‍ച്ചയായി മാറ്റിവയ്ക്കുകയാണ്. വിശദമായ വാദം കേള്‍ക്കാന്‍ നിലവില്‍ സമയക്കുറവുള്ളതിനാലാണ് കേസ് മാറ്റിയതെന്നായിരുന്നു കോടതി അറിയിച്ചത്.

1995 മുതല്‍ 1998വരെ നടപ്പാക്കിയ കരാര്‍ ഇടപാടുകളുടെ പേരില്‍ 2005 ലെ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എസ്എന്‍സി എന്ന കനേഡിയന്‍ കമ്പനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. 2017ലാണ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കുന്നത്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് സിബിഐ സുപ്രീംകോടതിയിലെത്തിയത്.

ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിന് അടിസ്ഥാനം. ഈ കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിന്‍ കേസിലെ പ്രധാന ആരോപണം.

Story Highlights: BENNY BEHNAN ABOUT SNC LAVLIN CASE

Next Story