Top

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം: പ്രതിഷേധിച്ച ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

നിയമവിരുദ്ധമായി ഒത്തുകൂടി, സംഘര്‍ഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്

25 Jan 2023 5:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം: പ്രതിഷേധിച്ച ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
X

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബിജെപി, യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെയാണ് കേസ്. തിരുവനന്തപുരം മാനവീയംവീഥിയിലെയും പൂജപ്പുരയിലെയും പ്രതിഷേധങ്ങള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി ഒത്തുകൂടി, സംഘര്‍ഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ കേസ് എടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഡോക്യുമെന്ററി പ്രദര്‍ശനം നിരോധിച്ച് ഉത്തരവില്ലാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ നിര്‍വാഹമില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. മാനവീയംവീഥിയില്‍ യൂത്ത് കോണ്‍ഗ്രസും പൂജപ്പുരയില്‍ ഡിവൈഎഫ്‌ഐയുമാണ് ചൊവ്വാഴ്ച ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്.

രണ്ട് സ്ഥലങ്ങളിലും പ്രതിഷേധിച്ച കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൂജപ്പുരയില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ പൊലീസിന് പത്തോളം തവണ ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നിരുന്നു. സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ സന്ധ്യയ്ക്ക് ശേഷം വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.

Story Highlights: BBC Documentary Screening Police Took Case Against Protesters

Next Story