
കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്ത 18 പേരെ അംഗീകരിച്ച് വൈസ് ചാൻസലറുടെ വിജ്ഞാപനമായി. ലിസ്റ്റിൽ ഒന്പത് ബിജെപി പ്രതിനിധികളാണുള്ളത്. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി സെനറ്റിൽ ബിജെപി പ്രാതിനിധ്യം നവംബർ 20 നാണ് ചാൻസലർ കൂടിയായ ഗവർണറുടെ സെക്രട്ടറി കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് 18 പേരുടെ ലിസ്റ്റ് അയച്ചത്. ഇതിൽ ഒന്പത് പേർ ബിജെപി പ്രതിനിധികളായിരുന്നു.
സാധാരണ ഗതിയിൽ ഗവർണറുടെ ലിസ്റ്റ് കിട്ടിയാൽ പിറ്റേ ദിവസം തന്നെ അംഗീകരിച്ച് വിജ്ഞാപനമിറക്കുകയാണ് പതിവെങ്കിലും ഒന്പത് ദിവസം കഴിഞ്ഞാണ് കാലിക്കറ്റ് വൈസ് ചാൻസലർ വിജ്ഞാപനമിറക്കിയത്. ഇതിനിടയിൽ വൈസ് ചാൻസലറുടെ ലിസ്റ്റിലുണ്ടായിരുന്ന ചിലർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
മാധ്യമ മേഖലയിൽ നിന്നുള്ള പ്രതിനിധി മാധ്യമ പ്രവർത്തകൻ അല്ലെന്ന് കാണിച്ചാണ് മാധ്യമ പ്രവർത്തകനായ വൈസ് ചാൻസലറുടെ ലിസ്റ്റിൽ നിന്നുള്ളയാൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ലിസ്റ്റ് സ്റ്റേ ചെയ്യാതെ വന്നതോടെ വൈസ് ചാൻസലർ വിജ്ഞാപനമിറക്കാൻ നിർബന്ധിതനാവുകയായിരുന്നു.
സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് ബിജെപി അംഗത്തെ കൊണ്ടുവരാനാണ് ഒന്പത് ബിജെപി സെനറ്റ് അംഗങ്ങളെ ഗവർണർ നോമിനേറ്റ് ചെയ്തതെന്നാണ് ഉയരുന്ന ആരോപണം. അധ്യാപകർ, കലാ പ്രവർത്തകർ, വ്യാപാരികൾ, വ്യവസായികൾ, എഴുത്തുകാർ, മാധ്യമ പ്രവർത്തകർ, നിയമജ്ഞർ, സ്പോർട്സ് താരങ്ങൾ, വിദ്യാർത്ഥികൾ എന്നിവരുടെ പ്രതിനിധികളെയാണ് സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തത്.