Top

കേരളത്തില്‍ അന്ധവിശ്വാസത്തിനെതിരെ ഇനിയും നിയമമായിട്ടില്ല; ശിക്ഷ ഐപിസി അനുസരിച്ച് മാത്രം

12 Oct 2022 3:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തില്‍ അന്ധവിശ്വാസത്തിനെതിരെ ഇനിയും നിയമമായിട്ടില്ല; ശിക്ഷ ഐപിസി അനുസരിച്ച് മാത്രം
X

തിരുവനന്തപുരം: ഇലന്തൂര്‍ ഇരട്ട നരബലി കേരളത്തില്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരില്‍ നടന്ന ആദ്യത്തെ കൊലകളല്ല. സ്വാതന്ത്ര്യത്തിന് ശേഷം ശേഷം സംസ്ഥാനത്ത് ആഭിചാരവുമായി ബന്ധപ്പെട്ട് പത്തിലധികം അരും കൊലകള്‍ നടന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്. ഐശ്വര്യ ലബ്ദി, സന്താന സൗഭാഗ്യം, ബാധ ഒഴിപ്പിക്കല്‍, മാന്ത്രിക സിദ്ധി നേടല്‍ എന്നിങ്ങനെയുള്ള പല അസംബന്ധങ്ങളുടേയും പേരിലാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരെ കൊടും ക്രൂരതകള്‍ അരങ്ങേറിയത്. പരിഷ്‌കൃത സമൂഹത്തില്‍ അംഗീകരിക്കാന്‍ കഴിയാത്ത കുറ്റകൃത്യം എന്ന് ഇപ്പോള്‍ ആവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പല തവണ ഭരണത്തില്‍ വന്നിട്ടും പ്രത്യേക നിയമം കൊണ്ടുവന്നിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ തന്നെ ഒട്ടേറെ ആഭിചാരക്കൊലകള്‍ നടന്നിട്ടും നടപടിയുണ്ടായില്ല. കരടു ബില്ലുകളും പൊലീസ് ശുപാര്‍ശകളും പലതുണ്ടെങ്കിലും ചര്‍ച്ചകളില്‍ മാത്രമായി അവ പലപ്പോഴും ഒതുങ്ങി.

ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും വഴിയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ചുള്ള ശിക്ഷ മാത്രമാണ് വിധിക്കുന്നത്. നിയമ പരിഷ്‌കരണ കമ്മീഷന്‍ തയ്യാറാക്കിയ കരടുബില്‍ ഈ സര്‍ക്കാരിന് മുന്നിലുണ്ട്. പത്ത് വര്‍ഷമായി നടക്കുന്നത് ചര്‍ച്ചകള്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് നിയമസഭയില്‍ സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല.

പ്രത്യേക നിയമത്തിനായി ഒറ്റപ്പെട്ട കൂട്ടായ ശുപാര്‍ശകള്‍ മാറിമാറി വന്ന സര്‍ക്കാരുകളുടെ മുന്നില്‍ എത്തിയിരുന്നു. അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം തടയല്‍ ബില്‍ 2014 എന്ന പേരില്‍ കേരള പൊലീസ് അഡീഷണല്‍ ഡിജിപിയായിരുന്ന എ ഹേമചന്ദ്രന്‍ മുന്നോട്ട് വെച്ചു. യുവ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും അഭിപ്രായം സ്വാംശീകരിച്ചായിരുന്നു നിയമം തയാറാക്കിയത്. ഏഴ് വര്‍ഷം വരെ തടവും രണ്ടുലക്ഷം രൂപവരെ പിഴയുമാണ് നിര്‍ദേശിച്ചിരുന്നത്. വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല നിയമസഭയിലുള്‍പ്പെടെ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല.

അന്തരിച്ച എംഎല്‍എ പി ടി തോമസ് 2018ല്‍ നിയമസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. സമഗ്രനിയമം നിര്‍മ്മിക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ബില്‍ മുഖവിലയ്‌ക്കെടുത്തില്ല. 2019ല്‍ ജസ്റ്റിസ് കെ ടി തോമസ് അദ്ധ്യക്ഷനായ ഭരണപരിഷ്‌കരണ കമ്മീഷന്‍ ദുര്‍മന്ത്രവാദ, ആഭിചാരക്രിയകള്‍ തടയലും ഇല്ലാതാക്കലും ബില്‍ തയാറാക്കി. കുറ്റകൃത്യങ്ങള്‍ക്ക് ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും 5,000 മുതല്‍ 50,000 വരെ പിഴയുമാണ് ഇതില്‍ നിര്‍ദേശിക്കുന്നത്. ഇരകളെ പരുക്കേല്‍പ്പിച്ചാലോ കൊലപ്പെടുത്തിയാലോ ഐപിസി പ്രകാരമുള്ള വകുപ്പുകള്‍ ബാധകമായിരിക്കും. സര്‍ക്കാരിന്റെ കൂടി നിര്‍ദേശ പ്രകാരമാണ് ബില്‍ തയാറാക്കിയതെങ്കിലും മുന്‍ഗണന ലഭിച്ചില്ല. പിന്നീട് 2021 ഓഗസ്റ്റില്‍ കെ ഡി പ്രസേനന്‍ അവതരിപ്പിച്ച കേരള അന്ധവിശ്വാസ അനാചാര നിര്‍മാര്‍ജന ബില്‍ എന്ന സ്വകാര്യബില്ലും ഫലം കണ്ടില്ല.

കര്‍ണാടകയിലും മഹാരാഷ്ട്രയിലും ദുര്‍മന്ത്രവാദത്തിനും ആഭിചാരക്രിയകള്‍ക്കെതിരെയും നിയമം പ്രാബല്യത്തിലുണ്ട്. മഹാരാഷ്ട്രയാണ് രാജ്യത്ത് ആദ്യമായി നിയമം കൊണ്ടുവന്നത്. അന്ധവിശ്വാസങ്ങള്‍ക്കെതിരേ പോരാടിയ നരേന്ദ്ര ദബോല്‍ക്കര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2013 ഓഗസ്റ്റ് 18ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എന്‍സിപി സര്‍ക്കാര്‍ ഓര്‍ഡിനന്‍സായി നിയമം പാസാക്കി. 2013 ഓഗസ്റ്റ് 24ന് നിയമം പ്രാബല്യത്തില്‍ വന്നു. കര്‍ണാടകയില്‍ 2017ലാണ് നിയമം കൊണ്ടു വന്നത്. എന്നാല്‍ രണ്ട് സംസ്ഥാനങ്ങളിലും നിയമം കാര്യക്ഷമമായി നടപ്പാക്കുന്നില്ല.

STORY HIGHLIGHTS: Anti superstition act still not implemented

Next Story