കംബോഡിയ മനുഷ്യക്കടത്ത്: അന്വേഷണം ആരംഭിച്ചതായി പാലക്കാട് എസ്പി

കംബോഡിയയിലെ സൈബർ തട്ടിപ്പ് കമ്പനികൾക്ക് മലയാളി യുവാക്കളെ എത്തിച്ചു നൽകിയ കമ്പനിക്കെതിരെ കൂടുതൽ പരാതികളാണ് ലഭിച്ചിരിക്കുന്നത്

dot image

പാലക്കാട്: ഡാറ്റാ എൻട്രി ജോലികളുടെ പേരിൽ കേരളത്തിൽ നിന്ന് കംബോഡിയയിലേക്ക് മനുഷ്യകടത്ത് നടത്തിയെന്ന കേസിൽ അന്വേഷണം ആരംഭിച്ചതായി പാലക്കാട് എസ്പി ആർ ആനന്ദ്. തട്ടിപ്പിൽ ഇരയായ മലമ്പുഴ സ്വദേശിയുടെ പരാതിയിലാണ് നടപടി. യുവാക്കളെ ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിലേക്കയച്ച ഏജന്റുമാർക്കെതിരെ കൃത്യമായി അന്വേഷണം നടത്തുമെന്ന് എസ് പി പറഞ്ഞു. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കും. നിലവിൽ മലമ്പുഴ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പാലക്കാട് എസ് പി ആർ ആനന്ദ് പറഞ്ഞു.

കംബോഡിയയിലെ സൈബർ തട്ടിപ്പ് കമ്പനികൾക്ക് മലയാളി യുവാക്കളെ എത്തിച്ചു നൽകിയ കമ്പനിക്കെതിരെ കൂടുതൽ പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഏജന്റ് ഭീഷണിപ്പെടുത്തിയെന്നും പണം തട്ടിയെന്നുമടക്കമുള്ള പരാതിയുമായാണ് യുവാക്കൾ രംഗത്തെത്തിയിരിക്കുന്നത്. ജോലിക്കായി ലക്ഷക്കണക്കിന് രൂപ ഏജന്റുമാർ പല രീതിയിൽ വാങ്ങിയെന്നും പണം തിരിച്ച് ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും യുവാക്കൾ റിപ്പോർട്ടർ ടിവിയോട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പാലക്കാട് മലമ്പുഴ സ്വദേശിയായ യുവാവാണ് കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന കമ്പനിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഡാറ്റാ എൻട്രി ജോലിയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് കമ്പോഡിയയിലേക്ക് എത്തിച്ചത്, എന്നാൽ മാട്രിമോണിയൽ സൈറ്റുകളിലൂടെ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് ഇന്ത്യൻ യുവാക്കളിൽ നിന്ന് തട്ടിപ്പിലൂടെ പണം കവരുന്നതായിരുന്നു ജോലി. തട്ടിപ്പിന് കൂട്ടുനിൽക്കാൻ യുവാക്കൾ വിസമ്മതിച്ചപ്പോൾ കമ്പനിയിൽ ഉണ്ടായിരുന്നവർ മാരകമായി മർദ്ദിച്ചെന്നും പാസ്പോർട്ട് വാങ്ങിവെച്ച് കമ്പനിയിൽനിന്ന് പുറത്താക്കിയെന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ യുവാക്കൾ പരാതിപ്പെട്ടു. പാസ്പോർട്ട് വിട്ടുനൽകാൻ ഇന്ത്യയിൽ നിന്ന് 74,000 രൂപ നൽകിയാണ് യുവാക്കളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us