Top

'വിജയ് ബാബുവിനെ മൂന്ന് ദിവസത്തിനകം പിടികൂടാന്‍ കഴിയും'; ബ്ലൂ കോര്‍ണര്‍ നോട്ടീസോടെ നടന്‍ തിരികെയെത്തുമെന്ന പ്രതീക്ഷയില്‍ പൊലീസ്

6 May 2022 4:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിജയ് ബാബുവിനെ മൂന്ന് ദിവസത്തിനകം പിടികൂടാന്‍ കഴിയും; ബ്ലൂ കോര്‍ണര്‍ നോട്ടീസോടെ നടന്‍ തിരികെയെത്തുമെന്ന പ്രതീക്ഷയില്‍ പൊലീസ്
X

കൊച്ചി: ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ നടന്‍ വിജയ് ബാബുവിനെ ഉടന്‍ അറസ്റ്റ് ചെയ്യാനാകുമെന്ന കണക്ക് കൂട്ടലില്‍ പൊലീസ്. വിജയ് ബാബുവിനെ മൂന്ന് ദിവസത്തിനകം പിടികൂടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പ്രതികരിച്ചു.

ദുബായിലുള്ള പ്രതിയെ പിടികൂടാന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിജയ് ബാബുവിന്റെ വിലാസം കണ്ടെത്താനാണ് ക്രൈം ബ്രാഞ്ച് ഇന്റര്‍പോളിന്റെ സഹായം തേടിയത്. ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനാല്‍ ദുബായ് പൊലീസ് തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞേക്കും. ഇന്റര്‍പോള്‍ ഇടപെടലോടെ നിര്‍മ്മാതാവ് മടങ്ങിവരുമെന്നാണ് പൊലീസിന്റെ അനുമാനം.

വിജയ് ബാബുവിനെതിരെ പൊലീസ് കഴിഞ്ഞയാഴ്ച്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളത്തിലെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ വേണ്ടിയായിരുന്നു ഇത്. അന്വേഷണ സംഘത്തിന്റെ മുന്‍പാകെ തിങ്കളാഴ്ച്ച കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബുവിന് പൊലീസ് ഇ മെയില്‍ അയച്ചിരുന്നു. ബിസിനസ് ടൂറിലാണെന്നും 19ന് ഹാജരാകാമെന്നുമാണ് വിജയ് ബാബുവിന്റെ മറുപടി. ഇത് തള്ളിയ അന്വേഷണ സംഘം എത്രയും വേഗം നടനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ്.

മെയ് 18ന് ശേഷമേ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കൂ. ഇത് കണക്കുകൂട്ടിയാണ് വിജയ് ബാബു 19-ാം തീയതി വരെ സമയം ചോദിച്ചത്. വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിന്മേല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ലഭിച്ചതിനേത്തുടര്‍ന്നാണിത്. ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിനാണ് ചുമതലയെന്നാണ് വിവരം. വിജയ് ബാബുവിനെ ബിനാമിയാക്കി കണക്കില്‍ പെടാത്ത പണം സിനിമാ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

STORY HIGHLIGHTS: Actor Vijay Babu, who is accused in a rape case, is expected to be arrested soon, police said.

Next Story