'ധൈര്യമുണ്ടെങ്കില്‍ തൊട്ടു നോക്കൂ'; കെ.വി തോമസിനെ സുധാകരന് ഒരു ചുക്കും ചെയ്യില്ലെന്ന് റഹീം
ജമാഅത്തെ ഇസ്ലാമിയുമായി കിടക്ക പങ്കിടുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും റഹീം
11 April 2022 1:37 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ.വി തോമസിനെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഒരു ചുക്കും ചെയ്യില്ലെന്ന് എഎ റഹീം എംപി.
ധൈര്യമുണ്ടെങ്കില്‍ കെവി തോമസിനെ തൊട്ടു നോക്കൂ. കെ.വി തോമസിന് കാലത്തിന്റെ ചലനം അറിയാം. കെ.വി തോമസിനെ നിലയ്ക്ക് നിര്‍ത്താന്‍ പറ്റാത്ത സുധാകരന് ഈ പണി നിര്‍ത്തി പോയിക്കൂടെയെന്നും റഹീം പറഞ്ഞു.
എംകെ സ്റ്റാലിനൊപ്പം കൂട്ടുകൂടാന്‍ കഴിയില്ലെന്ന് പറയാന്‍ സുധാകരന് കഴിയുമോ. സ്റ്റാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എഐസിസിക്ക് കത്തയക്കാന്‍ സുധാകരന് തയാറാകുമോയെന്നും എ.എ റഹീം ചോദിച്ചു. ജമാഅത്തെ ഇസ്ലാമിയുമായി വേദി പങ്കിടുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് സിപിഐഎമ്മുവായി വേദി പങ്കിടുന്നില്ല. ജമാഅത്തെ ഇസ്ലാമിയുമായി കിടക്ക പങ്കിടുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും റഹീം വ്യക്തമാക്കി.
എഐസിസിക്ക് മറുപടി നല്കാന് 48 മണിക്കൂര്‍ മതിയെന്ന് കെവി തോമസ്
കൊച്ചി: കോണ്‍ഗ്രസ് അച്ചടക്ക സമിതിയോട് 2018 മുതലുള്ള കാര്യങ്ങള്‍ വിശദീകരിച്ച് മറുപടി നല്‍കുമെന്ന് കെവി തോമസ്. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്കാന് തനിക്ക് 48 മണിക്കൂര്‍ മതി, ഒരാഴ്ചയുടെ ആവശ്യമില്ല. അച്ചടക്ക സമിതിയുടെ ഏത് തീരുമാനവും അംഗീകരിക്കും. നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് കെവി തോമസ് വ്യക്തമാക്കി.
''കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പ്രത്യേക അജണ്ടയുള്ള വ്യക്തിയാണ്. എനിക്ക് അല്ല അജണ്ട. നടപടി ആവശ്യപ്പെട്ട് കത്ത് കൊടുത്തവര്‍ക്കാണ് അജണ്ട. അച്ചടക്ക സമിതി പരാതി പരിഗണിക്കുന്ന സമയത്തു പോലും എന്നെ അധിക്ഷേപിച്ചു. ഇത് ശരിയല്ലാത്ത നടപടിയാണ്. വഞ്ചകന് എന്ന പരാമര്‍ശമൊക്കെ ശരിയാണോയെന്ന് ജനം തീരുമാനിക്കട്ടെ. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല.'' പാര്‍ട്ടിയുടെ നയത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും കെവി തോമസ് വ്യക്തമാക്കി.
''സെമിനാറിന് ആരെ വിളിക്കണമെന്ന് തീരുമാനിക്കേണ്ടത് സിപിഐഎമ്മാണ്. ഞാന്‍ അച്ചടക്കം ലംഘിച്ചിട്ടില്ല. സെമിനാറിന് പോകരുത് എന്ന സമീപനത്തോട് എതിര്‍പ്പുള്ളതുകൊണ്ടാണ് പോയത്. അച്ചടക്ക സമിതി പരാതി പരിശോധിക്കട്ടേ. ആരാണ് ശരിയെന്നും തെറ്റെന്നും. എന്ത് തീരുമാനവും അംഗീകരിക്കും.''
സൈബര്‍ ആക്രമണത്തിന് പിന്നില്‍ സിപിഐഎമ്മുകാര്‍ അല്ല കോണ്‍ഗ്രസുകാരാണെന്നും കെവി തോമസ് പറഞ്ഞു. ''ഈ ഏര്‍പ്പാട് നിര്‍ത്തണമെന്ന് സുധാകരനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അതിന് എന്ത് ചെയ്യാന്‍ പറ്റും, ആളുകള്‍ അല്ലേ, നമ്മള് അല്ലല്ലോ എന്ന മറുപടിയാണ് സുധാകരന് നല്‍കിയത്. എന്നെ മാത്രമല്ല, ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്ക് നേരെയും സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. ''
മകള്‍ മത്സരിക്കാന്‍ പോകുന്നു എന്ന് പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളാണ് കെവി തോമസ് പറഞ്ഞു. മക്കള്‍ക്ക് മത്സരിക്കാനൊന്നും താല്പര്യമില്ല. ചില മാധ്യമങ്ങള്‍ വ്യാജപ്രചരണം നടത്തുകയാണ്. മാധ്യമങ്ങള്‍ പക്വത കാണിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.