
വാപ്പയെയും ഉമ്മയെയും മാമയുടെ സംരക്ഷണയിലാക്കിയാണ് ശിഹാബ് ബഹ്റൈനിലേക്ക് വിമാനം കയറിയത്. മാമായും കുടുംബവും കൂടെയുണ്ടല്ലോ എന്നത് മാത്രമായിരുന്നു ശിഹാബിന്റെ ആശ്വാസം. എന്നാൽ ഉമ്മയെയും വാപ്പയെയും പൊന്നുപോലെ നോക്കിയ മാമയും കുടുംബവും ഇന്നില്ല. മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിൽ മണ്ണിനടിയിൽ പുതഞ്ഞിരിക്കുകയാണ് അവരും.
തലനാരിഴയ്ക്കാണ് ശിഹാബിന്റെ ഉമ്മയും വാപ്പയും മരണക്കയത്തിൽപെടാതെ രക്ഷപ്പെട്ടത്. പുലർച്ചയുണ്ടായ പെരുവെള്ളപ്പാച്ചിൽ വീടിന്റെ മുറ്റത്തുകൂടി പോയതുകൊണ്ടു മാത്രം ഇന്ന് ശിഹാബിന്റെ വയോധികരായ മാതാപിതാക്കൾ വാപ്പ പാറമ്മൽ കരീമും ഉമ്മ റംലത്തും ഉയിരോടെ ഇരിക്കുന്നു. അയൽപക്കത്തായിരുന്നു മാമ, ഉമ്മയുടെ എളാപ്പ, മൂത്താപ്പ, ഇവരുടെ മക്കൾ എന്നിവരെല്ലാം താമസിച്ചിരുന്നത്.
ചൊവ്വാഴ്ച വെളുപ്പിന് രണ്ട് മണിക്ക് പേറിച്ച് വിറങ്ങലിച്ച് കുന്നുകയറിയ വാപ്പയെയും ഉമ്മയെയും സന്ധ്യക്ക് ഏഴു മണിയോടെയാണ് സൈന്യമെത്തി രക്ഷപ്പെടുത്തി മേപ്പാടിയിലെത്തിച്ചതെന്ന് ശിഹാബ് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ച മുതൽ വീട്ടിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. രാത്രിയോടെയാണ് വാപ്പയും ഉമ്മയും സുരക്ഷിതരാണെന്ന വിവരം ലഭിക്കുന്നത്. എന്നാൽ സമീപമുണ്ടായിരുന്ന ഉറ്റവർ നഷ്ടപ്പെട്ടിരുന്നു. സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ശിഹാബ് മോചിതനായിട്ടില്ല. വീട് ഇരുന്ന സ്ഥലത്ത് ഇപ്പോൾ ശൂന്യമാണ്.
മാമയുടെ ഭാര്യ ഫൗസിയ ബാനുവും മക്കളായ അഫ്ന ഷെറിൻ, അസ്ന, അഷിന എന്നിവരും വല്യുമ്മ പാത്തുമ്മക്കുട്ടിയുമടങ്ങുന്ന കുടുംബമാണ് ശിഹാബിന് നഷ്ടമായത്. ഇവരിൽ കുട്ടികൾ മൂന്നുപേരുടെ മൃതദേഹങ്ങൾ മാത്രമാണ് കിട്ടിയത്. മേപ്പാടി ടൗണിൽ കാരാടൻ സ്റ്റോറിലെ ജീവനക്കാരനായിരുന്ന മാമയ്ക്ക് അങ്ങോട്ട് താമസം മാറ്റാൻ പദ്ധതിയുണ്ടായിരുന്നു. വല്യുപ്പയുടെ 41ാം ചരമദിനം കഴിഞ്ഞ് അടുത്തയാഴ്ച മാറാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ശിഹാബിന്റെ ഭാര്യയും മൂന്നുമാസമായ കുഞ്ഞും മേപ്പാടിയിലെ ഭാര്യാഗൃഹത്തിലായിരുന്നു. മനാമയിൽ ബിൽഡിങ് മെറ്റീരിയൽ സ്ഥാപനത്തിൽ ജോലിക്കാരനാണ് ശിഹാബ്.