
കേരളം ഇന്നുവരെ കണ്ടതില്വെച്ചേറ്റവും ദാരുണമായ പ്രകൃതി ദുരന്തമാണ് വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന് കിടന്ന പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ളവരാണ് നേരം പുലരുന്നതിന് മുന്പ് മണ്ണിനടിയിലകപ്പെട്ടത്. ദുരന്തം തകർത്തെറിഞ്ഞ ചൂരൽമലയും മുണ്ടക്കൈയും മലയാളികളുടെ ആകെ നൊമ്പരമായി. വയനാട് ജില്ലയിലെ കൽപറ്റ നിയമസഭാമണ്ഡലത്തിലെ മേപ്പാടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ദുരന്തം നടന്നത്. ദുരന്തത്തിൽ ചൂരൽമല അങ്ങാടി പൂർണമായും തകർന്നടിഞ്ഞുവെന്നുവേണം പറയാൻ. നാട് നടുങ്ങിയ ഏറ്റവും വലിയ പ്രകൃതി ദുരന്തം. ഇതിനുമുമ്പ് പുത്തുമലയും പെട്ടിമുടിയും കൂട്ടിക്കലും കൊക്കയാറും കവളപ്പാറയുമെല്ലാം നമുക്ക് മുന്നിൽ അനുഭവങ്ങളായിത്തന്നെ നിലനില്ക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം ഇപ്പോഴും മഴയ്ക്കൊപ്പം ഭീതിതമായ കണ്ണീരും കൂടിയാണ് പെയ്തിറങ്ങിയത്.
കണ്ണീരോര്മ്മകള് മാത്രം ബാക്കിയാക്കി കവളപ്പാറയും, പെട്ടിമുടിയും മറികടന്ന് ചൂരല്മല വരെ പ്രകൃതി ദുരന്തങ്ങള് എത്തിനിൽക്കുകയാണ്. ഒരുരാത്രി ഇരുട്ടിവെളുത്തപ്പോഴേക്കും ഒരു ഗ്രാമമാണ് നാമാവശേഷമായത്, ശ്മശാന ഭൂമിയായത്.
അന്നാണ് വയനാടിനെ പിടിച്ചുലച്ച പുത്തുമല ദുരന്തം നടന്നത്. 17 പേര്ക്കാണ് ജീവന് നഷ്ടമായത്. 57 വീടുകള് പാടേ അപ്രത്യക്ഷമായി. അന്ന് ഒരു ഗ്രാമം തന്നെ മലവെള്ളപ്പാച്ചിലില് ഇല്ലാതായി. കാണാതായ ആളുകളുടെ എണ്ണം പരിശോധിക്കുമ്പോള് ഇപ്പോഴും അഞ്ചുപേര് പുത്തുമലയിലെ മണ്ണിനടിയിലുണ്ട്. ഇടമുറിയാത്ത കനത്ത മഴയെ തുടർന്ന് പുത്തുമല പ്രദേശവാസികളോട് മാറിത്താമസിക്കാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പൊടുന്നനെയുണ്ടായ ഉരുൾപൊട്ടലിൽ ഒറ്റയടിക്ക് ഹെക്ടർ കണക്കിന് പ്രദേശം പാറക്കൂട്ടങ്ങളും ചെളിയും കൊണ്ട് അടിഞ്ഞുകൂടുകയായിരുന്നു. ഓടിരക്ഷപ്പെടാൻ പോലുമാകാതെ നിസ്സഹായരായ മനുഷ്യരും അവരുടെ വളർത്തുമൃഗങ്ങളുമെല്ലാം നിമിഷ നേരം കൊണ്ടാണ് മണ്ണിനടിയിലായത്. പുത്തുമല ദുരന്ത ഓര്മകള്ക്ക് അഞ്ച് വര്ഷം തികയാന് ഒരാഴ്ച ബാക്കി നില്ക്കുമ്പോഴാണ് വയനാടിനെ ഭീതിയിലാഴ്ത്തി ചൂരല് മലയിലെ മറ്റൊരു ഉരുള്പൊട്ടല് ഉണ്ടായിരിക്കുന്നത്.
അതേദിവസം തന്നെയാണ് തോരാമഴയില് മലപ്പുറത്തെ കവളപ്പാറ മുത്തപ്പന്കുന്ന് കുത്തിയൊലിച്ച് ഒരു ഗ്രാമത്തെയും 59 ജീവനുകളെയും തുടച്ചെടുത്തത്. ഇനിയും കണ്ടെത്താൻ കഴിയാതെ പതിനൊന്ന് പേർ മുത്തപ്പൻ കുന്നിന്റെ മടിത്തട്ടിൽ നിത്യവിശ്രമത്തിലാണ്. കവളപ്പാറയിലെ ദുരന്തത്തില് മൊബൈല് ടവറുകളും വൈദ്യുതി പോസ്റ്റുകളും ഉള്പ്പടെ തകര്ന്നതിനാല് ദുരന്ത വാര്ത്ത പുറത്തെത്താനും ഏറെ വൈകി. അതുകൊണ്ട് തന്നെ കവളപ്പാറയില് ആഘാതം കൂടുതലായിരുന്നു.ഉരുൾപൊട്ടി ഒഴുകി, ഒരു ഗ്രാമം ഇല്ലാതായ ചരിത്രം. അതായിരുന്നു കവളപ്പാറ ദുരന്തം. ഇതുപോലൊരു രാത്രിയില് തോരാമഴ നൽകിയ തീരാവേദന. ഒരിറ്റ് കണ്ണീരോടെ അല്ലാതെ കവളപ്പാറയെ കുറിച്ച് ആര്ക്കും ഓർക്കാൻ കഴിയില്ലെന്നുറപ്പാണ്.
2020 ആഗസ്റ്റ് ആറ്
ഇടുക്കി ജില്ലയിലെ പെട്ടിമുടി ദുരന്തം ഉണ്ടാകുന്നത് 2020 ആഗസ്റ്റ് ആറിനാണ്. അന്ന് പൊലിഞ്ഞത് എഴുപത് ജീവനുകളാണ്. നാലുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർ മരിച്ചതായി കണക്കാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. മൂന്നാറില് നിന്ന് 25 കിലോമീറ്റര് ദൂരെയുള്ള കണ്ണന് ദേവന് കമ്പനിയുടെ ഉടമസ്ഥതയിലുളള പെട്ടിമുടി തേയില എസ്റ്റേറ്റിലേക്കാണ് രാത്രി മലവെള്ളം കുത്തിയൊലിച്ച് എത്തിയത്. അപകടത്തിൽ നിന്ന് ആകെ രക്ഷപ്പെട്ടത് എട്ട് കുടുംബങ്ങൾ മാത്രമാണ്. മലയടിവാരത്തെ നാല് ലയങ്ങള് പൂര്ണ്ണമായും മണ്ണിനടിയിലായി. ഇരുട്ടില് എന്താണ് സംഭവിച്ചതെന്നറിയാതെ ദുരന്തം ബാക്കി വച്ചര് ഉറക്കെ നിലവിളിച്ച് നേരം വെളുപ്പിച്ചു. ഇതിനിടയില് രാജമലയിലെ ഫോറസ്റ്റ് സ്റ്റേഷനില് നടന്നെത്തിയ രണ്ട് പേരാണ് വലിയ ദുരന്തത്തിന്റെ വിവരം പുറം ലോകത്തെ അറിയിച്ചത്. പതിനാല് ദിവസം നീണ്ടുനിന്ന, സമയവും കാലവും നോക്കാതെയുള്ള രക്ഷാപ്രവര്ത്തനമാണ് പിന്നെ അവിടെക്കണ്ടത്. കണ്ടെത്താന് കഴിയാത്ത നാലുപേര്ക്കായുള്ള തിരച്ചില് നിര്ത്തിയത് പോലും ബന്ധുക്കളുടെ അനുവാദത്തോടെ മാത്രമായിരുന്നു.
കോട്ടയം കൂട്ടിക്കലിലും സമീപ പഞ്ചായത്തായ ഇടുക്കി ജില്ലയിൽ ഉൾപ്പെട്ട കൊക്കെയാറിലും ഉരുൾപൊട്ടിയത് 2021 ഒക്ടോബർ 16നാണ്. 21 പേരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിനു പിന്നാലെ നൂറിലധികം കുടുംബങ്ങൾ പ്രദേശത്ത് നിന്നും പലായനം ചെയ്തു. അന്ന് അതിരാവിലെ മുതൽ പെയ്ത മഴ മണിക്കൂറുകളോളമാണ് നീണ്ടു നിന്നത്. പിന്നാലെയതൊരു വലിയ ദുരന്തമായി മാറുകയായിരുന്നു. കോട്ടയം ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം, വെബ്ലി കമ്മ്യൂണിറ്റി പാലം, കൊക്കെയാർ പാലം എന്നിങ്ങനെ പ്രളയം തകർത്തെറിഞ്ഞത് 44 പാലങ്ങളാണ്.
സമീപകാല ഓർമ്മകളിൽ പ്രകൃതിദുരന്തങ്ങളുടെ മുറിവ് ഏറ്റവും ഭീകരമായി മലയാളിയെ പിടിച്ചുലച്ചത് പുത്തുമല, പെട്ടിമുടി, കൂട്ടിക്കൽ, കൊക്കയാർ, കവളപ്പാറ തുടങ്ങിയ സ്ഥലനാമങ്ങളുടെ പേരിലാണ്. എന്നാൽ ഐക്യ കേരളത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ പ്രകൃതി ദുരന്തങ്ങളുടെ ആദ്യ സ്ഥലനാമമായി ചൂരൽമലയും മുണ്ടക്കൈയും മാറുന്ന ഏറ്റവും സങ്കടകരമായ കാഴ്ചകളാണ് ഇപ്പോൾ നമ്മളെ തേടിയെത്തുന്നത്. ഇതിന് മുമ്പും ദുരന്തങ്ങളെ ഒറ്റക്കെട്ടായി അതിജീവിച്ച മലയാളിയുടെ മാനവികതയും സഹജീവികളോടുള്ള കരുതലും മാത്രമാണ് ഇപ്പോഴും ഇത്തരം ദുരന്തങ്ങളിൽ കരുത്താകുന്നത്. നമ്മൾ ഇതും അതിജീവിക്കുമെന്ന് ഒരു ജനത പ്രതിജ്ഞയെടുക്കുമ്പോഴും എന്തുകൊണ്ട് ഇത്തരം പ്രകൃതി ദുരന്തങ്ങൾ തുടക്കഥയാകുന്നു എന്ന ചോദ്യത്തെ ഇനിയെങ്കിലും ഗൗരവത്തോടെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഇത് കൂടിയാണ് മുണ്ടക്കൈ ഓർമ്മിപ്പിക്കുന്നത്.