
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം മീററ്റ് ആര്.വി.സിയില്‍ നിന്ന് സൈന്യത്തിന്റെ ഡോഗ് സ്ക്വാഡ് എത്തും. തിരച്ചിലിന് ഫോറസ്റ്റിന്റെ ഡ്രോണ്‍ കൂടി പങ്കാളിയാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
രക്ഷാപ്രവര്‍ത്തനത്തിനായി നേവിയുടെ 50 അംഗ സംഘം ഉടന്‍ വയനാട്ടില്‍ എത്തും. ഇന്ത്യന്‍ നേവിയുടെ റിവര്‍ ക്രോസിംഗ് ടീമാണ് വയനാട്ടില്‍ എത്തുന്നത്. ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തില്‍ മെഡിക്കല്‍ വിദഗ്ധരുമുണ്ടാകും.
അതേസമയം, മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടി. പ്രദേശത്ത് വലിയ മലവെള്ളപ്പാച്ചില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്. പുലര്‍ച്ചെ രണ്ടരയോടെയാണ് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത് പലരും അറിഞ്ഞുതുടങ്ങിയത്. ദുരന്തത്തിന്റെ വ്യാപ്തി എത്രയെന്നൊന്നും അറിയാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ചുറ്റും മണ്ണും ചെളിയും മാത്രമായിരുന്നു. ചൂരല്‍മല അങ്ങാടി പൂര്‍ണമായും ഇല്ലാതായി. സാധാരണക്കാരും തോട്ടം തോഴിലാളികളുമാണ് ചൂരല്‍മലയിലെ താമസക്കാര്‍. എത്രപേര്‍ ദുരന്തത്തില്‍ അകപ്പെട്ടെന്നോ എത്രപേരെ കാണാതായന്നോ ഒന്നും ഇനിയും അറിയാന്‍ കഴിഞ്ഞിട്ടില്ല.