
ആലപ്പുഴ: മാന്നാറിൽ കല എന്ന യുവതി കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഭർത്താവ് അനിൽ വിദേശത്തുനിന്ന് ബന്ധുക്കളെ ബന്ധപ്പെടുന്നതായി കണ്ടെത്തൽ. പുതിയ നമ്പറിൽ വാട്സ്ആപ്പ് വഴി ബന്ധപ്പെടുന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഈ പുതിയ നമ്പർ ഉപയോഗിച്ച് ഇയാൾ വീട്ടുകാരിൽ നിന്ന് അന്വേഷണ വിവരങ്ങൾ അറിയുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. നിലവിൽ ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിക്കാൻ കേരള പൊലീസ് ശ്രമം നടത്തുന്നുണ്ട്. എന്നാൽ ഇയാളെ നാട്ടിലെത്തിക്കൽ അത്ര എളുപ്പമല്ലെന്നാണ് പൊലീസ് വിലയിരുത്തൽ.
15 വര്‍ഷം മുമ്പ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തില്‍ വച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. മൃതദേഹം മാരുതി കാറില്‍ കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചു എന്നും പൊലീസ് പറയുന്നു. എന്നാല്‍ പ്രതികള്‍ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്‌ഐആറില്‍ പറഞ്ഞിട്ടില്ല.
കലയെ കാണാതായതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും കാണിച്ച് പൊലീസിന് നിരന്തരമായി ഊമക്കത്ത് ലഭിച്ചിരുന്നു. ഇതോടെയാണ് തിരോധാനത്തില്‍ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. അനിലിന്റെ സൃഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കല കൊല്ലപ്പെട്ടതാണെന്ന് ഈ സുഹൃത്തുക്കള്‍ സമ്മതിച്ചു. തുടര്‍ന്നാണ് അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്. കലയെ കാണാതായ സമയത്ത് ബന്ധുക്കള്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നിരുന്നില്ല. കാണാതാകുമ്പോള്‍ കലയ്ക്ക് 20 വയസായിരുന്നു പ്രായം.