

യുഎഇയിൽ സ്വകാര്യമേഖലയിൽ സ്വദേശി ജീവനക്കാർക്ക് നാളെ മുതൽ ഉയർന്ന ശമ്പളം ലഭിക്കും. സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായാണ് എമിറാത്തി ജീവനക്കാർക്ക് ഉയർന്ന ശമ്പളം നൽകേണ്ടത്. ഈ നിയമം പാലിക്കാത്തപക്ഷം തൊഴിലുടമകൾക്ക് വർക്ക് പെർമിറ്റ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരും.
ദേശീയ തൊഴിൽ നിലവാരവും വേതന വ്യവസ്ഥകളും കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഗവൺമെന്റിന്റെ ഈ നീക്കം. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി പൗരന്മാരുടെ കുറഞ്ഞ ശമ്പളം 2026 ജനുവരി ഒന്ന് മുതൽ 6,000 ദിർഹമായി വർധിപ്പിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സ്വദേശിവത്ക്കരണത്തിന്റെ ഫലപ്രാപ്തി വർധിപ്പിക്കുന്നതിനും പൊതുമേഖലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന സ്വദേശികളുടെ തൊഴിൽ സ്ഥിരത മെച്ചപ്പെടുത്തുന്നതിനുമാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്.
മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ഈ അറിയിപ്പ് പുറത്തുവിട്ടത്. ഡിസംബർ 27-ന് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്ലിക്കേഷനിലാണ് ഈ അപ്‌ഡേറ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്. സ്വദേശി വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിനും പുതുക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനുമുള്ള എല്ലാ സ്വകാര്യ മേഖല സേവനങ്ങൾക്കും പുതുക്കിയ ശമ്പള നിരക്ക് ബാധകമായിരിക്കും.
നിലവിൽ മിനിമം വേതനത്തേക്കാൾ കുറഞ്ഞ ശമ്പളം നൽകുന്ന തൊഴിലുടമകൾക്ക് അത് തിരുത്തുന്നതിനായി മാനവ വിഭവശേഷി മന്ത്രാലയം 2026 ജൂൺ 30 വരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. നിശ്ചിത തീയതിക്കുള്ളിൽ ഒരു സ്വദേശി ജീവനക്കാരന്റെ ശമ്പളം പുതുക്കിയില്ലെങ്കിൽ, 2026 ജൂലൈ ഒന്ന് മുതൽ ശിക്ഷാനടപടികൾ പ്രാബല്യത്തിൽ വരും. ശമ്പള കണക്കുകൾ ശരിയായി നൽകുന്നത് വരെ തൊഴിലുടമയെ സ്വദേശിവത്ക്കരണ ക്വാട്ട കണക്കുകളിൽ നിന്ന് ഒഴിവാക്കും. സ്വദേശി ശമ്പളം 6,000 ദിർഹത്തിന് താഴെയായതിനാൽ പുതിയ വർക്ക് പെർമിറ്റുകൾ നൽകുന്നത് തടഞ്ഞുകൊണ്ട് സ്ഥാപനത്തിന് മേൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യും.
Content Highlights: UAE to raise minimum private sector wage for emiratis